ന്യൂഡൽഹി: ഇന്ത്യയിൽ ഉത്സവ സീസണ്‍ തുടങ്ങിയതോടെ രാജ്യവ്യാപകമായി 50,000 കോടി രൂപയുടെ ബിസിനസ് പ്രതീക്ഷിക്കുന്നതായി കോൺഫെഡറേഷന്‍ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി). ഡൽഹിയില്‍ മാത്രം ഈ ഉത്സവ സീസണില്‍ 8,000 കോടി രൂപയുടെ കച്ചവടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. നവരാത്രി, രാംലീല, ഗർബ, ദാണ്ഡിയ തുടങ്ങിയ ആഘോഷങ്ങളോടെയാണ് രാജ്യത്ത് ഉത്സവ സീസണ് തുടക്കമായത്.
ഈ സീസണില്‍ വിപണികൾ ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഈ വർഷത്തെ ഉത്സവ ഷോപ്പിങ്ങിൽ ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ കൂടുതലായി അവതരിപ്പിക്കുമെന്ന് സിഎഐടി സെക്രട്ടറി ജനറലും എംപിയുമായ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.
മതപരവും സാംസ്‌കാരികവും സാമൂഹികവും ആത്മീയവുമായ പരിപാടികൾ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കുകയും ഇതിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുമെന്നും പ്രവീൺ ഖണ്ഡേൽവാൾ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹി ഇത്തവണ ആയിരത്തോളം രാമലീലകൾക്കും നൂറുകണക്കിന് ദുർഗ പൂജ പന്തലുകൾക്കുമാണ് ആതിഥേയത്വം വഹിക്കുന്നത്. അതേസമയം, ഗുജറാത്തിൽ പരമ്പരാഗതമായി ആഘോഷിക്കുന്ന ഗർബയും ദണ്ഡിയയും തലസ്ഥാന നഗരത്തില്‍ ഉൾപ്പെടെ രാജ്യത്തുടനീളം ആഘോഷിക്കും.
ഉത്സവ വേളകളിൽ പരമ്പരാഗത വസ്‌ത്രങ്ങൾ, പൂജ സാമഗ്രികൾ, മധുര പലഹാരങ്ങൾ, അലങ്കാര വസ്‌തുക്കൾ എന്നിവയുടെ ആവശ്യകതയിൽ ഗണ്യമായ വർധനവ് ഉണ്ടായതായി ഖണ്ഡേൽവാൾ ചൂണ്ടിക്കാട്ടി. ഉത്സവ വേളകളിൽ ഭക്ഷ്യവസ്‌തുക്കള്‍ക്കും മധുരപലഹാരങ്ങള്‍ക്കും വളരെയധികം ആവശ്യക്കാര്‍ ഉണ്ടാകുന്നുണ്ടെന്നും ഖണ്ഡേൽവാൾ വിശദീകരിച്ചു.