ബെംഗളൂരു: മൈസൂരുവില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 11വയസുകാരന്‍ മരിച്ചു. ഹൊറലപ്പള്ളി ഗ്രാമവാസിയായ ജയന്താണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം വീടിന് സമീപത്ത് നിന്ന് ജയന്തിനെ കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ തെരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രിയായതോടെ തെരച്ചില്‍ അവസാനിപ്പിച്ചു.
ഞായറാഴ്‌ച വീണ്ടും വനംവകുപ്പും നാട്ടുകാരും നടത്തിയ തെരച്ചിനൊടുവിലാണ് പുലര്‍ച്ചെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. 48 മണിക്കൂറിനിടെ മേഖലയില്‍ രണ്ട് പേരാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നർസിപുരിലെ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനം വകുപ്പ് പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നേരത്തെ കര്‍ണാടകയിലെ ദാവൻഗരെയിലെ ഹൊന്നാലി പലവനഹള്ളിയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ സ്‌ത്രീ മരിച്ചിരുന്നു.
കമലാഭായി ജീക്കാ നായികാണ് (55) കൊല്ലപ്പെട്ടത്. പലവനഹള്ളിയിലെ ചോളത്തോട്ടത്തില്‍ കളകള്‍ പറിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പത്ത് പേരടങ്ങുന്ന സംഘമാണ് കളപറിക്കാന്‍ തോട്ടത്തിലെത്തിയിരുന്നത്. കളപറിക്കുന്നതിനിടെ മേലേയ്‌ക്ക് എടുത്ത് ചാടിയ പുള്ളിപ്പുലി കമലാഭായിയെ 100 അടി ദൂരത്തേക്ക് വലിച്ചിഴച്ചു.
തോട്ടത്തിലുണ്ടായിരുന്ന മറ്റ് സ്‌ത്രീകള്‍ ബഹളം വച്ചതോടെ പുലി കമലഭായിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കമലഭായി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.