ഗോപാൽഗഞ്ച് (ബിഹാർ) : കുട്ടികൾ കുസൃതി കാണിക്കുമ്പോഴോ, വഴക്ക് കൂടുമ്പോഴോ പൊതുവെ മാതാപിതാക്കൾ ശാസിക്കാറും അടിക്കാറുമുണ്ട്. എന്നാല്‍ ബാലപീഡനത്തിനെതിരെ രാജ്യത്ത് കര്‍ശന നിയമങ്ങളുണ്ട്. അതായത് കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത് സ്വന്തം മാതാപിതാക്കൾ ആണെങ്കിൽ പോലും നിയമവിരുദ്ധമാണ്. എന്നാൽ രക്ഷാകർത്താക്കൾ മർദിക്കുമ്പോൾ പൊതുവെ ആരും അതിനെയൊരു തെറ്റായി കാണാത്ത സാഹചര്യവുമുണ്ട്.
എന്നാൽ മറ്റ് കുട്ടികളെ മർദിച്ചു എന്ന കാരണത്താൽ സ്വന്തം മകനെ ഒരു പിതാവ് കഴുത്തില്‍ കയർ മുറുക്കി കൊലപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ബിഹാറിലെ ഗോപാൽഗഞ്ചിലെ എക്ദേർവ ഗ്രാമത്തിലാണ് 12 കാരനായ മകനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം പിതാവും കുട്ടിയുടെ മാതാവും ചേർന്ന് മൃതദേഹം അടുത്തുള്ള തടാകത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ പിതാവ് ശംഭു സിങ്ങിനെയും മാതാവ് ചോട്ടി ദേവിയേയും പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്‌ച കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ശംഭു സിങ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സദർ സഞ്ജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചെളിയിൽ പുതഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തി.
മുങ്ങി മരണമെന്നായിരുന്നു എല്ലാവരും കരുതിയത്. തങ്ങളുടെ മകൻ തടാകത്തിൽ മുങ്ങി മരിച്ചുവെന്ന് ഗ്രാമവാസികൾക്കിടയിൽ മാതാപിതാക്കൾ തന്നെ പറഞ്ഞുപരത്തി. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ കഴുത്തിന് ഇരുവശത്തും ആഴത്തിലുള്ള മുറിവുകൾ ഉണ്ടെന്ന് വ്യക്‌തമായി. ഇതോടെ കുട്ടിയുടേത് മുങ്ങി മരണമല്ലെന്നും കൊലപാതകമാണെന്നും പൊലീസിന് വ്യക്‌തമായി. തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗ്രാമീണരെ ചോദ്യം ചെയ്യുകയും സാങ്കേതിക തെളിവുകൾ പരിശോധിക്കുകയും ചെയ്‌ത ശേഷം പൊലീസ് ശംഭു സിങ്ങിനെയും ചോട്ടി ദേവിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. മദ്യപിച്ചെത്തി പിതാവ് കുട്ടിയെ ശാസിക്കുകയും പേടിപ്പിക്കുന്നതിന് വേണ്ടി കഴുത്തിൽ കയർ കെട്ടുകയും ചെയ്യുന്നതിനിടെ അബദ്ധത്തിൽ കയർ മുറുകുകയായിരുന്നുവെന്ന് മാതാവ് വ്യക്‌തമാക്കി.
കുട്ടി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കുന്നതും അവരെ ശാരീരികമായി ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഇക്കാര്യം പറഞ്ഞ് പലതവണ ശാസിച്ചെങ്കിലും കുട്ടി അനുസരിക്കാൻ കൂട്ടാക്കിയില്ല. ഇതിനിടെ മാർച്ച് 19ന് തിങ്കളാഴ്‌ച മദ്യപിച്ചെത്തിയ പിതാവ് ശംഭു സിങ് മകനെ ശാസിക്കുകയും ഭയപ്പെടുത്തുന്നതിനായി കഴുത്തിൽ കയർ കെട്ടി മുറുക്കുകയും ചെയ്‌തു.
എന്നാൽ അബദ്ധത്തിൽ കയർ മുറുകുകയും കുട്ടി ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. കുട്ടി മരിച്ചതോടെ സംഭവം മൂടിവയ്‌ക്കാൻ ശംഭു സിങ്ങും ചോട്ടി ദേവിയും ചേർന്ന് മൃതദേഹം അടുത്തുള്ള തടാകത്തിൽ തള്ളുകയായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് ഇരുവരും ഗ്രാമവാസികൾക്കിടയിൽ പറഞ്ഞ് പരത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.