ജയ്‌പൂർ : രാജസ്ഥാനിലെ ബുണ്ടിയിൽ തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. സദർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ജില്ലയിലെ തിഖബർദയിൽ താമസിക്കുന്ന ഭോജ്‌രാജ് ഗുർജറിന്‍റെ മകൻ മംഗിലാൽ ആണ് കൊല്ലപ്പെട്ടത്.
ഗ്രാമത്തിൽ നിന്നും അൽപം അകലെ തനിച്ച് നിൽക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്‌ക്കൾ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാർഥം കുട്ടി ഓടിയെങ്കിലും നായ്‌ക്കൾ പിൻതുടർന്നു. ശേഷം നായ്‌ക്കൾ മംഗിലാലിന്‍റെ മേൽ പാഞ്ഞുകയറി ആക്രമണം തുടർന്നു. ഒടുവിൽ വഴിയാത്രക്കാരായ ചിലർ കുട്ടിയെ നായ്‌ക്കൾ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ഓടിയെത്തി അവയെ തുരത്തുകയായിരുന്നു.
അപ്പോഴേക്കും കുട്ടിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബോധരഹിതനായ മംഗിലാലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മംഗിലാലിന്‍റെ മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം നായയുടെ ആക്രമണത്തിൽ തലയിലും കൈകളിലും കാലുകളിലുമായി ഏകദേശം 30 മുതൽ 40 വരെ മുറിവുകളുണ്ടായിരുന്നു.
സംഭവം നടന്നയുടൻ പൊലീസ് ജില്ല ആശുപത്രിയിലെത്തി മൃതദേഹം കസ്റ്റഡിയിലെടുക്കുകയും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കുകയും ചെയ്‌തു. അതേസമയം പ്രദേശത്ത് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്ന് ഗ്രാമവാസികൾ പൊലീസിൽ ആശങ്കയറിയിച്ചിട്ടുണ്ട്.
തെരുവുനായ്‌ക്കളെടുത്ത പിഞ്ച് ജീവൻ : കഴിഞ്ഞ മാസം 13 ന് ഉത്തർ പ്രദേശിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടിരുന്നു. ആഗ്രയിലെ ദൗകി പ്രദേശത്തുള്ള കുയ് കുമാര്‍ഗര്‍ഹ് ഗ്രാമവാസിയായ സുഗ്രീവയുടെ മകള്‍ കാഞ്ചനാണ് കൊല്ലപ്പെട്ടത്.
പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കവെ പെണ്‍കുട്ടിയെ തെരുവുനായ കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സമീപത്ത് കളിക്കുകയായിരുന്ന മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു.
കുട്ടികള്‍ പൂന്തോട്ടത്തില്‍ കളിക്കുന്നതിനിടെ ആറ് തെരുവുനായകളടങ്ങിയ സംഘം ഇവിടേക്ക് പാഞ്ഞടുക്കുകയും ഇവരെ ആക്രമിക്കുകയുമായിരുന്നു. തെരുവുനായയുടെ ആക്രമണത്തില്‍ കാഞ്ചന്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. കാഞ്ചനൊപ്പം കളിക്കുകയായിരുന്ന ബന്ധു രശ്‌മിക്കാണ് (6) ഗുരുതരമായി പരിക്കേറ്റത്.
കേരളത്തിൽ നിഹാലിന്‍റെ ജീവനെടുത്തതും നായ്‌ക്കൾ : കഴിഞ്ഞ മാസത്തിൽ തന്നെയാണ് കേരളത്തിൽ ഭിന്നശേഷിക്കാരനായ 11 വയസുകാരനായ നിഹാല്‍ നൗഷാദ് തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് സമീപം ആളൊഴിഞ്ഞ മുറ്റത്ത് ഒറ്റയ്‌ക്ക് കളിക്കുന്നതിനിടെ തെരുവ് നായകള്‍ നിഹാലിനെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിനൊടുവിൽ വീട്ടിൽ നിന്ന് അരക്കിലോമീറ്റര്‍ അകലെ നിഹാലിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ശരീരമാസകലം കടിയേറ്റിരുന്ന കുട്ടിയുടെ അരയ്ക്ക് താഴേക്ക് അതീവ ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരുന്നത്. സംസാര ശേഷിയില്ലാത്തതിനാല്‍ നിഹാലിന് ആക്രമണം നടന്നപ്പോൾ നിലവിളിക്കാനും കഴിഞ്ഞില്ല.
also read : കണ്ണൂരില്‍ 11 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു; മരിച്ചത് ഭിന്നശേഷിയുള്ള കുട്ടി