കൊപ്പല്‍: ദാരിദ്ര്യത്തില്‍ ജനിച്ച് വളർന്നു, ചെറുപ്പത്തില്‍ രക്ഷിതാക്കൾ മരിച്ചു. ബ്രിട്ടീഷ് ദമ്പതികളുടെ ദത്തുപുത്രനായി, ക്രിക്കറ്റ് താരമായി, ഇപ്പോൾ ബ്രിട്ടീഷ് സൈനികൻ. അതിശയം നിറഞ്ഞൊരു കഥയല്ലിത്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവന്‍റെ തിരിച്ചുവരവാണിത്.
ദാരിദ്ര്യത്തിന് നടുവില്‍
കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഷാപൂർ എന്ന കുഗ്രാമത്തില്‍ 25 വർഷം മുന്‍പാണ് യെല്ലപ്പ വകോഡെയുടെയും ഫക്കിരവയുടെയും അഞ്ച് മക്കളിൽ ഇളയവനായി ഗോപാല്‍ വാകോഡെ ജനിച്ചു. കടുത്ത ദാരിദ്ര്യത്തിന് നടുവില്‍ നിന്ന് രക്ഷപെടാൻ യെല്ലപ്പ വകോഡെ ഗോവയിലേക്ക് കുടിയേറി. പക്ഷേ മരണം അച്ഛനേയും അമ്മയേയും കവർന്നെടുത്തപ്പോൾ പത്ത് വയസുള്ള ഗോപാലിന് മൂന്ന് സഹോദരിമാർക്കും ഒരു സഹോദരനുമൊപ്പം മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഒന്നു കൈപിടിക്കാൻ ആരെങ്കിലും...
വിശപ്പിന് പരിഹാരമായി കടല്‍ത്തീരത്ത് കടല വില്‍ക്കുക മാത്രമാണ് അന്ന് ഗോപാലിന് ചെയ്യാനുണ്ടായിരുന്നത്. പക്ഷേ ജീവിക്കാനുള്ള അവന്‍റെ ആഗ്രഹത്തെ അതൊന്നും തടസപ്പെടുത്തിയില്ല. ബ്രിട്ടീഷ് ടൂറിസ്റ്റ് ദമ്പതികളായ ബ്രിറ്റ്സ് കരോളും കോളിൻ ഹാൻസണും ചുറുചുറുക്കുള്ള ഗോപാലിനെ ശ്രദ്ധിച്ചു. അവനെ സാമ്പത്തികമായി സഹായിച്ചു. 19 വയസു തികഞ്ഞപ്പോൾ ദത്തെടുത്ത് ഇംഗ്ളണ്ടിലേക്ക് കൊണ്ടുപോയി.
എല്ലാം ഒരു സ്വപ്‌നം പോലെ
ബ്രിട്ടീഷ് ദമ്പതികൾ ഗോപാലിന് ക്രിക്കറ്റ് പരിശീലനം നല്‍കി. ഇംഗ്ലണ്ടിലെ സൈനിക കേന്ദ്രത്തില്‍ മികച്ച ക്രിക്കറ്റ് താരമായി മാറിയ ഗോപാലിന് സൈന്യത്തില്‍ ചേരാൻ ക്ഷണം ലഭിച്ചത് വളരെ വേഗമാണ്. ഇന്ന് ബ്രിട്ടീഷ് സായുധ സേനയിലെ മിടുക്കനായ സൈനികനാണ് ഗോപാല്‍. ബ്രിട്ടണില്‍ നിന്ന് വധുവിനെയും ഗോപാല്‍ കണ്ടെത്തി. പേര് ജാസ്മിൻ.
ശരിക്കും ഇന്ത്യൻ ബ്രിട്ടീഷ് പൗരൻ
ദാരിദ്ര്യത്തില്‍ വളർന്ന ഓർമകൾ ഇന്നും ഗോപാല്‍ മറന്നിട്ടില്ല. മകൾ ഡെയ്‌സിക്കും ഭാര്യ ജാസ്‌മിനുമൊപ്പം മൂന്ന് വർഷത്തിലൊരിക്കൽ ഗോപാല്‍ സ്വന്തം നാടായ കൊപ്പല്‍ സന്ദർശിക്കും. ഗോപാലിനെ ബ്രിട്ടീഷ് സൈനിക യൂണിഫോമിൽ കാണുമ്പോൾ നാട്ടുകാര്‍ക്ക് അഭിമാനമാണ്. ദാരിദ്ര്യത്തില്‍ നിന്ന് അഭിമാനത്തിന്‍റെ കൊടുമുടിയിലേക്ക് കയറിയ ഗോപാല്‍ വെറുമൊരു കഥയല്ല.
ALSO READ: വെള്ളിക്ക് പൊന്നിൻ തിളക്കം; മീരാബായിക്ക് അഭിനന്ദനവുമായി രാജ്യം