ന്യൂഡൽഹി: ജൂലൈ 19 മുതൽ ആരംഭിക്കുന്ന മൺസൂൺകാല പാർലമെന്‍റ് സമ്മേളനത്തിൽ ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ ഇരുസഭകളിലും ചർച്ചയാകും. പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ സർക്കാരിന്‍റെ റിപ്പോർട്ട് ആവശ്യപ്പെടുമെന്നാണ് സൂചന.
പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജൂലൈ 16ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മുൻ പ്രതിരോധമന്ത്രിമാരായിരുന്ന ശരദ് പവാറിനെയും എകെ ആന്‍റണിയേയും സന്ദർശിച്ചിരുന്നു. ചൈനയുമായുള്ള ചർച്ചകൾക്കിടെയാണ് രാജ്‌നാഥ് സിങ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്.
More read: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ശരദ് പവാറിനെയും എകെ ആന്‍റണിയെയും കണ്ടു
19 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ചൈനയുമായുള്ള അതിർത്തി പ്രശ്‌നം ഇരുസഭകളിലും ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പാർലമെന്‍റ് സെഷൻ ഓഗസ്റ്റ് 13 നാണ് അവസാനിക്കുന്നത്.
തുടരുന്ന പ്രശ്‌നങ്ങൾ....
അതേസമയം ജൂലൈ ആറിന് ടിബറ്റിലുള്ള ആത്മീയ നേതാവ് ദലൈലാമയുടെ ജന്മദിനാഘോഷ വേളയിൽ ചൈന ഡെംചോക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പ്രതിഷേധ ബോർഡുകൾ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ ഭാഗത്തുള്ള ഗ്രാമീണർ ദലൈലാമയുടെ ജന്മദിനം ആഘോഷിച്ചതിനാണ് ചൈനീസ് സൈനികരും സാധാരണ ജനങ്ങളുടെ കൂട്ടവും സിന്ധു നദിയുടെ മറുവശത്ത് എത്തി പ്രതിഷേധക്കൊടി ഉയർത്തിയത്.
86-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദലൈലാമയെ അഭിവാദ്യം ചെയ്തിരുന്നു. ആദ്യമായാണ് ദലൈലാമയുമായി സംസാരിച്ചതെന്ന് മോദി ഔദ്യോഗികമായി പറയുകയും ചെയ്തു. അതേസമയം ചൈന ബോർഡറുകളിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്നതിനായി 50,000 ത്തോളം സൈനികരെ വിന്യസിപ്പിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Also read: രാജി വാർത്തകൾക്കിടെ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ബി.എസ്. യെദ്യൂരപ്പ