മുംബൈ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മകള്‍ മരണപ്പെട്ടെന്ന് ആരോപിച്ച് ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, മരുന്ന് നിര്‍മാതാക്കളായ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മൈക്രോ സോഫ്‌റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് ഉള്‍പ്പടെയുള്ളവര്‍ക്ക് ബോംബെ ഹൈക്കോടതി നോട്ടിസ് അയച്ചു. വാക്‌സിന്‍ നിർമാതാക്കളില്‍ നിന്ന് 1000 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് ലുനാവത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മഹാരാഷ്‌ട്ര സർക്കാര്‍, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ എന്നിവരാണ് മറ്റ് കക്ഷികള്‍.
ഒഗസ്‌റ്റ് 26 നാണ് ജസ്റ്റിസ് എസ് വി ഗംഗാപൂർവാല, ജസ്റ്റിസ് മാധവ് ജംദാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജിയിലെ എല്ലാ പ്രതികള്‍ക്കും നോട്ടിസ് അയച്ചത്. നവംബര്‍ 17 നാണ് കേസിന്‍റെ അടുത്ത വാദം.
മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഹര്‍ജിക്കാരന്‍റെ മകള്‍ 2021-ലാണ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് ഛര്‍ദിയും, തലവേദനയും ഉണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ തലച്ചോറില്‍ രക്തസ്രാവം ഡോക്‌ടര്‍മാര്‍ കണ്ടെത്തിയതായും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ പറയുന്നുണ്ട്.