ബെംഗളുരു: ബെംഗളൂരു - ജയ്‌പൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി. വിമാനത്തിന്‍റെ ശൗചാലയത്തിന് പുറത്ത് ടിഷ്യൂ പേപ്പറില്‍ ഹിന്ദിയിലായിരുന്നു ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയത്. ഉടന്‍ സിഐഎസ്‌എഫ് ഉള്‍പ്പെടെയുള്ള സുരക്ഷ സൈനികര്‍ എത്തി പരിശോധന നടത്തി. കത്തെഴുതിയവര്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ സിഐഎസ്‌എഫ് കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തി വരികയാണ്.
ജയ്‌പൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ-556 ഞായറാഴ്‌ച രാത്രി 9:26 നാണ് ദേവനഹള്ളി കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇതിനിടെയാണ് നീല മഷിയില്‍ 'ലാൻഡ് ചെയ്യരുത്, വിമാനത്തിൽ ബോംബുണ്ട്' എന്ന് ഹിന്ദിയില്‍ എഴുതിയ സന്ദേശം ലഭിച്ചത്. ഒരു വിമാന ജീവനക്കാരന്‍ ശൗചാലയത്തിന്‍റെ പുറകിൽ ചെന്നപ്പോൾ ബോംബ് ഭീഷണി സന്ദേശമുള്ള ടിഷ്യൂ പേപ്പർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അവർ ക്യാപ്‌റ്റനെ വിവരം അറിയിച്ചു.
ക്യാപ്‌റ്റന്‍ റിപ്പോര്‍ട്ട് ചെയ്‌തത് അനുസരിച്ച് സിഐഎസ്‌എഫ് വിമാനത്തിലെത്തി. വിമാനത്തില്‍ ഉണ്ടായിരുന്ന 174 യാത്രക്കാരെ ഇറക്കി ബാഗുകൾ പരിശോധിച്ചു. ബോംബ് ഭീഷണി മുഴക്കിയവരെ തിരിച്ചറിയാൻ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ കൈയക്ഷരം പരിശോധിച്ചു.
ഹിന്ദിയിൽ എഴുതാൻ കഴിയാത്തവരെ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഒടുവിൽ 20 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ശേഷം രണ്ട് പ്രതികളെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഭീഷണി വ്യാജമാണെന്നും സിഐഎസ്‌എഫ് അറിയിച്ചു.