ബെംഗളൂരു: വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവിടെയുണ്ടായിരുന്ന മറ്റുള്ളവരെ ഭയപ്പെടുത്തിയതിന് മലയാളി യുവതി ബെംഗളൂരുവില്‍ അറസ്‌റ്റില്‍. കോഴിക്കോട് സ്വദേശിനിയായ മാനസി സതീബൈനു(31)ആണ് അറസ്‌റ്റിലായത്. ബെംഗളൂരുവിലെ കെംപഗൗഡെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വച്ചാണ് സംഭവം.
കൊല്‍ക്കത്തയിലേക്ക് പോകാനായി 6E445 എന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു യുവതി ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. എന്നാല്‍ ഈ വിമാനം വൈകിയത് മാനസിയെ ദേഷ്യം പിടിപ്പിച്ചു. തുടര്‍ന്ന് സുരക്ഷ ജീവനക്കാരനുമായുള്ള വാക്കേറ്റത്തിനിടെ തനിക്ക് കൃത്യ സമയത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ വിമാനത്താവളം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നാലെ വിമാനത്താവളത്തിലെ മറ്റുള്ളവരോട് അലറികൊണ്ട് താന്‍ ഈ വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ജീവന്‍ വേണമെങ്കില്‍ ഓടി രക്ഷപ്പെടണമെന്നും പറയുകയായിരുന്നു. ഇതെതുടര്‍ന്ന് സുരക്ഷ ജീവനക്കാര്‍ ഇവരെ അറസ്‌റ്റ് ചെയ്‌ത് പൊലീസിന് കൈമാറുകയായിരുന്നു. ബെംഗളൂരുവിലെ ദേവനഹള്ളിയിലെ കോടതി യുവതിയെ ഫെബ്രുവരി 17 വരെ 11 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.