ഹൈദരാബാദ്: തങ്ങളുടെ അധ്വാനത്തില്‍ പിറന്ന ഗാനങ്ങള്‍ക്ക് സംഗീത മേഖലയിലുള്ളവര്‍ പകര്‍പ്പവകാശത്തിനായി ശ്രമിക്കാറുണ്ട്. തങ്ങള്‍ ഊണും ഉറക്കവും ഒഴിവാക്കി പുറത്തിറക്കിയ ഗാനങ്ങള്‍ തന്‍റേത് മാത്രമാണെന്ന് സ്ഥാപിക്കുന്നതിനും മറ്റ് വേദികളില്‍ മറ്റുള്ളവര്‍ അനുവാദം കൂടാതെ പാടി കുളമാക്കുന്നതില്‍ നിന്ന് തടയുന്നതിനാണെന്നും തുടങ്ങി നിരവധി കാരണങ്ങളും ഇതിനായി പറയാറുമുണ്ട്. സമീപകാലത്ത് തന്‍റെ ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിക്കരുതെന്ന് സംഗീത ലോകത്തെ മഹാപ്രതിഭകളില്‍ ഒരാളായ ഇളയരാജയുടെ പ്രതികരണത്തിന് സമ്മിശ്ര പ്രതികരണങ്ങളും എത്തിയിരുന്നു.
അതേസമയം, പരിപാടികളിൽ ബോളിവുഡ് ഗാനങ്ങളുൾപ്പെടെയുള്ള സിനിമാ ഗാനങ്ങൾ പ്ലേ ചെയ്യുമ്പോൾ പകർപ്പവകാശ ലംഘനവുമായി വ്യക്തികളും സ്ഥാപനങ്ങളും തുടര്‍ന്ന് നിയമനടപടികൾ നേരിടേണ്ടി വരില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
നടപടി എത്തുന്നത് ഇങ്ങനെ: വിവാഹ ചടങ്ങുകളിൽ ബോളിവുഡ് ഗാനങ്ങൾ കേള്‍പ്പിച്ചതിന് പകർപ്പവകാശ സൊസൈറ്റികൾ റോയൽറ്റി പിരിച്ചെടുക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളും മറ്റ് സ്ഥാപനങ്ങളും ഉന്നയിച്ച പരാതികൾക്കുള്ള മറുപടിയായാണ് ഈ കേന്ദ്ര നിർദേശം എത്തുന്നത്. പരാതികള്‍ പരിഗണിച്ച ഡിപ്പാർട്ട്‌മെന്‍റ് ഫോർ പ്രൊമോഷൻ, ഇൻഡസ്ട്രി, ഇന്‍റേണൽ ട്രേഡിന്‍റേതാണ് (ഡിപിഐഐടി) ഈ തീരുമാനം. മാത്രമല്ല പരാതി പരിഗണിച്ച ഡിപിഐഐടി, പകർപ്പവകാശ സൊസൈറ്റികൾ റോയൽറ്റി പിരിച്ചെടുക്കുന്നത് 1957 ലെ പകർപ്പവകാശ നിയമത്തിന്‍റെ സെക്ഷൻ 52 (1) (za) ന് വിരുദ്ധമാണെന്നും വ്യക്തമാക്കി.
മാത്രമല്ല സാഹിത്യപരമോ സംഗീതപരമോ ആയ സൃഷ്‌ടികളും മതപരമോ ഔദ്യോഗികമോ ആയ ചടങ്ങുകൾക്കിടയിലുള്ള ശബ്‌ദ റെക്കോർഡിങുകളും ഇത്തരം പരിപാടികളില്‍ ഉപയോഗിക്കുന്നതും പകർപ്പവകാശ ലംഘനത്തിൽ നിന്ന് പ്രത്യേകമായി ഒഴിവാക്കുന്നതായും ഡിപിഐഐടി വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിവാഹ ഘോഷയാത്രകളും അനുബന്ധ സാമൂഹിക ആഘോഷങ്ങളും ഉൾപ്പെടുന്ന മതപരമായ ചടങ്ങുകൾക്ക് ഈ ഇളവിന്‍റെ പരിഗണന ലഭിക്കുമെന്നും ഡിപിഐഐടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ജനങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമുള്ള നിര്‍ദേശം: ഇത് വ്യക്തമാക്കി ഡിപിഐഐടി പകർപ്പവകാശ സൊസൈറ്റികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമപരമായ പ്രത്യാഘാതങ്ങൾ തടയുന്നതിനും, പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 52 (1) (za) ന് വിരുദ്ധമായ നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചാണ് ഡിപിഐഐടി നോട്ടിസ് നല്‍കിയിട്ടുള്ളത്.
അതായത് വിവാഹ പരിപാടികളിലോ മറ്റേതെങ്കിലും മതപരമോ ഔദ്യോഗികമോ ആയ ചടങ്ങുകളിലോ ബോളിവുഡ് ഗാനങ്ങള്‍ ഉപയോഗിക്കുന്നതിന് റോയൽറ്റി ആവശ്യപ്പെടാൻ സാധിക്കില്ല എന്നു വ്യക്തമാക്കി തന്നെയാണ് ഡിപിഐഐടിയുടെ നോട്ടിസ്. മാത്രമല്ല വ്യക്തികളോ സംഘടനകളോ പകർപ്പവകാശ സൊസൈറ്റികളില്‍ നിന്നുള്ള അനാവശ്യമായ ആവശ്യങ്ങൾക്ക് വഴങ്ങരുതെന്ന് ഡിപിഐഐടി ഉപയോക്താക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഡിപിഐഐടിയുടെ നിലപാട് ഇതിനോടകം തന്നെ ഹോട്ടലുകളും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ഈവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പുകളും സ്വാഗതം ചെയ്‌തിട്ടുണ്ട്. കാരണം പരിപാടികള്‍ക്കിടയില്‍ ഉപയോഗിക്കുന്ന ഗാനങ്ങളെ ചൂണ്ടിക്കാണിച്ചുള്ള പകർപ്പവകാശ ലംഘനങ്ങൾ കാരണം ഹോസ്പിറ്റാലിറ്റി വ്യവസായം സമീപകാലത്ത് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.