ചിത്രകൂട് (ഉത്തര്‍ പ്രദേശ്) : ഉത്തര്‍ പ്രദേശില്‍ ബസും ബൊലേറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ചിത്രകൂട് ജില്ലയിലെ ബഗ്രേഹി ഗ്രാമത്തിന് സമീപം ദേശീയപാതയില്‍ റായ്‌പുര മേഖലയിലാണ് ചൊവ്വാഴ്‌ച അപകടമുണ്ടായത്. ദാരുണ സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു (Bolero Collides With Bus In Chitrakoot Uttar Pradesh).
പരിക്കേറ്റവരെ ആദ്യം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് പ്രയാഗ്‌രാജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. ചിത്രകൂടില്‍ നിന്നും പ്രയാഗ്‌രാജിലേക്ക് പോവുകയായിരുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് എതിര്‍ദിശയില്‍ നിന്നും വന്ന ബൊലേറോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
11 ഓളം യാത്രക്കാരാണ് ബൊലേറോയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ബാക്കിയുളള ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. വിവരം ലഭിച്ചതിന് പിന്നാലെ റായ്‌പുര പൊലീസ് സംഭവസ്ഥലത്ത് എത്തി. ജില്ല മജിസ്‌ട്രേറ്റ് അഭിഷേക് ആനന്ദും പൊലീസ് സുപ്രണ്ട് വൃന്ദ ശുക്ലയും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയും പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസിനടിയില്‍പ്പെട്ട നിലയിലായിരുന്നു ബൊലേറോ. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബസിനടിയില്‍ ഭാഗികമായി കുടുങ്ങിയ ബൊലേറോയെ പുറത്തെടുത്തത്. ബസിലെ രണ്ട് യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റതിനാല്‍ പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം അവരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.
മരിച്ചവരിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തതായി എസ്‌പി ശുക്ല പറഞ്ഞു. "ബൊലേറോയിലെ മറ്റ് ആറ് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു, ബസിലെ രണ്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറെ ചോദ്യം ചെയ്യുകയും കേസിനെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്യും", അദ്ദേഹം പറഞ്ഞു.