ദൂബ്രി : അസമിലെ ബ്രഹ്‌മപുത്ര നദിയില്‍ ബോട്ട്മുങ്ങി പത്ത് പേരെ കാണാനില്ല. ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള ദൂബ്രി ജില്ലയിലാണ് സംഭവം. ദൂബ്രി ഡെവലപ്‌മെന്‍റ് സര്‍ക്കിള്‍ ഓഫീസര്‍ സഞ്ചുദാസും രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. അപകടത്തില്‍ പരിക്ക് പറ്റിയ അഞ്ച് പേരെ ദൂബ്രി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഞ്ജുദാസടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘം വെള്ളപ്പൊക്കത്താല്‍ ബാധിക്കപ്പെട്ട അമിനര്‍ ചര്‍ എന്ന സ്ഥലത്തെ നാശനഷ്‌ടങ്ങള്‍ വിലയിരുത്താന്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത്. ബോട്ടില്‍ 29 പേരാണ് ഉണ്ടായിരുന്നത്.
വ്യാഴാഴ്ച(29.09.2022) രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. വെള്ളത്തില്‍ മുങ്ങിക്കിടന്ന പാലത്തിന്‍റെ പോസ്റ്റില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞത്. എല്‍ ആന്‍ഡ് ടി എന്ന കമ്പനി പ്രധാനപ്പെട്ട പാലം പണിയുന്നതിന്‍റെ ഭാഗമായി നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ പോകാനായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘം തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇതിന് എല്‍ ആന്‍ഡ് ടി കമ്പനി അധികൃതര്‍ സമ്മതിച്ചില്ല. എല്‍ ആന്‍ഡ് ടി കമ്പനിയുടെ രണ്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അസം മുഖ്യമന്ത്രി മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു.