ബെംഗളൂരു: ബെംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ച് അതില്‍ ഉറങ്ങുകയായിരുന്ന കണ്ടക്‌ടര്‍ വെന്തു മരിച്ചു. ബദരഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ലിംഗാധിരനഹള്ളി ബസ് സ്റ്റേഷനിലാണ് സംഭവം. ഇന്ന് (10.03.23) പുലര്‍ച്ചെയായിരുന്നു സംഭവം.
ബിഎംടിസി (Bengaluru Metropolitan Transport Corporation) ബസിനാണ് തീപിടിച്ചത്. കണ്ടക്‌ടര്‍ മുത്തയ്യ (45) ആണ് പൊള്ളലേറ്റ് മരിച്ചത്. ഇദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി. KA 57 F 2069 എന്ന നമ്പറിലുള്ള ബിഎംടിസി ബസിനാണ് തീപിടിച്ചത്.
സുമന്‍ഹള്ളി ഡിപ്പോയിലേക്ക് യാത്ര തിരിച്ച ബസായിരുന്നു ഇത്. രാത്രി ഷിഫ്‌റ്റ് പൂര്‍ത്തിയായതിന് ശേഷം ഈ ബസ് ലിംഗാധിരനഹള്ളി ഡി ഗ്രൂപ്പ് ലേഔട്ട് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കണ്ടക്‌ടര്‍ മുത്തയ്യ ബസില്‍ ഉറങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ബസിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തം നടന്ന ഉടനെ തന്നെ പട്രോളിങ്ങില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അഗ്‌നിരക്ഷ സേനയെ അറിയിച്ചു.
ബിഎംടിസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത് ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായി റിസര്‍വ് ചെയ്‌ത ഡോര്‍മ്മിറ്ററിയില്‍ വിശ്രമിക്കാന്‍ പോകുകയും എന്നാല്‍ മുത്തയ്യ ബസില്‍ തന്നെ ഉറങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ്. അപകടം നടന്ന ബസ് ബിഎംടിസിയുടെ വാഹനകൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് 2017ലാണ്. 3.75 ലക്ഷം കിലോമീറ്റര്‍ ദൂരം ഈ ബസ് ഓടിയിട്ടുണ്ട്.
അപകട കാരണം അന്വേഷിക്കുകയാണെന്ന് അധികൃതര്‍: സംഭവം തങ്ങള്‍ അന്വേഷിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം മാത്രമെ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. അഗ്‌നിരക്ഷ സേനയും മറ്റ് അടിയന്തര രക്ഷപ്രവര്‍ത്തകരും വിവരം അറിഞ്ഞ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന് തീപിടിത്തം നിയന്ത്രിക്കാന്‍ സാധിച്ചെന്നും അധികൃതര്‍ പറഞ്ഞു. ബസ് പൂര്‍ണമായും കത്തി നശിച്ചു.
തമിഴ്‌നാട്ടിലും ബസിന് തീപിടിത്തം: തമിഴ്‌നാട്ടിലും ബസിന് തീപിടിച്ച സംഭവം ഇന്ന് പുലര്‍ച്ചെയുണ്ടായി. ഓടികൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. കോയമ്പത്തൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസിനാണ് തീപിടിച്ചത്. ഭാഗ്യവശാല്‍ ആര്‍ക്കും തന്നെ ജീവഹാനി ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ മെട്ടൂരിനടുത്താണ് തീപിടിത്തം ഉണ്ടായത്.
സംഭവത്തില്‍ സ്‌ത്രീകളടക്കമുള്ള 10 യാത്രക്കാര്‍ക്ക് പൊള്ളലേറ്റ് പരിക്കുകള്‍ സംഭവിച്ചു. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി ഇവര്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ത്ത് പുറത്ത് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ മെട്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
43 യാത്രക്കാരായിരുന്നു കോയമ്പത്തൂര്‍ -ബെംഗളൂരു ബസില്‍ ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ 1.30നാണ് അപകടം നടന്നത്. ബസിന്‍റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഡ്രൈവര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് പലരും ബസിന്‍റെ ചില്ലുകള്‍ തകര്‍ത്തും മറ്റും ബസില്‍ നിന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു.