പ്രയാഗ്‌രാജ്: തന്നെ തട്ടിക്കൊണ്ടുപോയി എന്ന് കള്ളം പറഞ്ഞ് സ്വന്തം പിതാവിനെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപ വാങ്ങാനൊരുങ്ങിയ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലാണ് സംഭവം. 30,000 രൂപ നല്‍കിയില്ലെങ്കില്‍ യുവാവിന്‍റെ ഫോണ്‍ സെക്‌സ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന ലൈംഗികാതിക്രമ സംഘത്തിന്‍റെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് തന്നെ തട്ടികൊണ്ടുപോയെന്ന് പിതാവിനോട് കള്ളം പറഞ്ഞത്.
മകന്‍റെ നീക്കങ്ങള്‍ ഇങ്ങനെ: മകനെ കാണാനില്ലെന്ന് പിതാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് യുവാവിന്‍റെ നാടകം പൊളിയുന്നത്. കറുപ്പ് നിറമുള്ള കാറിലെത്തിയ ഒരു കൂട്ടം ആളുകള്‍ തന്നെ തട്ടിക്കൊണ്ട് പോവുകയും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തുവെന്ന് മകന്‍റെ വാട്‌സ്‌ആപ്പ് കോള്‍ ലഭിച്ചതായി പിതാവ് പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അടുത്ത ഫോണ്‍ കോള്‍ വരികയും ഉടന്‍ തന്നെ പണം നല്‍കിയില്ലെങ്കില്‍ തന്നെ അവര്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും അയാള്‍ പിതാവിനോട് പറഞ്ഞു.
രണ്ടാമതായി ലഭിച്ച ഫോണ്‍ കോളിന് ശേഷം മകനെ കണ്ടെത്തുവാന്‍ പിതാവ് ശ്രമം നടത്തുകയും അത് പാഴായിപ്പോവുകയും ചെയ്‌തിരുന്നു. ശേഷം ഇയാള്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച പൊലീസ് യുവാവിനായി തെരച്ചില്‍ നടത്തുകയും ശേഷം, ആളൊഴിഞ്ഞ പ്രദേശമായ പ്രതാപ്‌ഗറില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയും ചെയ്‌തു. സ്ഥലത്ത് യുവാവ് തനിച്ചായിരുന്നു.
യുവാവിന്‍റെ നീക്കങ്ങള്‍ക്കുള്ള കാരണം: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അങ്കിത ശര്‍മ എന്ന പേരുള്ള പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതായി യുവാവ് പറഞ്ഞു. ശേഷം നമ്പറുകള്‍ പരസ്‌പരം കൈമാറി ഇരുവരും ഫോണിലൂടെ സംസാരിക്കാന്‍ ആരംഭിച്ചു. ഒരിക്കല്‍ യുവാവിന്‍റെ ഫോണിലേക്ക് പെണ്‍കുട്ടി അശ്ലീല വീഡിയോക്കോള്‍ ചെയ്‌തിരുന്നു.
പെട്ടന്ന് തന്നെ ഇയാള്‍ കോള്‍ കട്ട് ചെയ്‌തു. എന്നാല്‍, അവര്‍ കോള്‍ റെക്കോര്‍ഡ് ചെയ്‌ത് വയ്‌ക്കുകയും 30,000 രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഭീഷണിയില്‍ ഭയപ്പെട്ട യുവാവ് സ്വന്തം പിതാവിന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി സംഘത്തിന് നല്‍കാനാണ് തട്ടിക്കൊണ്ട് പോകല്‍ നാടകം നടത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി.
ഭീഷണി കോളുകള്‍ ലഭിച്ചാല്‍ ഭയപ്പെടേണ്ടതില്ലെന്ന് ഡിസിപി: ഭീഷണിപ്പെടുത്തിയ സംഘത്തിന്‍റെ ഫോണ്‍ നമ്പര്‍ പൊലീസിന് ലഭിച്ചുവെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഡിസിപി സന്തോഷ് കുമാര്‍ മീണ പറഞ്ഞു. സമാനമായ കേസുകള്‍ നിരവധി നടക്കുന്നുണ്ട്. ആരും ഇത്തരം കോളുകള്‍ ലഭിച്ചാല്‍ ഭയപ്പെടേണ്ടതില്ലെന്ന് സന്തോഷ് കുമാര്‍ മീണ പറഞ്ഞു.
ഇത്തരം ഭീഷണി കോളുകള്‍ ലഭിച്ചാല്‍ ഇവര്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുക. ഇത് പ്രതികളെ പിന്തുടരാന്‍ പൊലീസിന് സഹായകമാകുമെന്ന് അദ്ദേഹം അറിയിച്ചു.
ALSO READ:ബിജെപി നേതാവും ഛത്തീസ്‌ഗഡ് പ്രതിപക്ഷ നേതാവുമായ നാരായണ്‍ ചന്ദേലിന്‍റ മകനെതിരെ പീഡനക്കേസ്