ഇൻഡോര്‍: നാളെ നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ സോഷ്യല്‍ മീഡിയ വഴി വില്‍പന നടത്തിയ നാലുപേര്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അറസ്റ്റിലായി. സംഭവത്തില്‍ ഷാനു, അസാസ്, വിക്രം തുഷാര്‍ എന്നിവരെയാണ് തേജാജി പൊലീസ് അറസ്റ്റു ചെയ്‌തത്. ഇവരില്‍ നിന്ന് 16 ടിക്കറ്റുകള്‍ തേജാജി നഗര്‍ പൊലീസ് കണ്ടെടുത്തു.
ജനുവരി 24 ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ നൂസിലന്‍ഡ് ഏകദിന പരമ്പരയുടെ മൂന്നാം മത്സരത്തിന്‍റെ ടിക്കറ്റുകള്‍ അമിത നിരക്ക് ഈടാക്കി അനധികൃതമായി ഇന്‍സ്റ്റഗ്രാമില്‍ വില്‍ക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. ഇടപാടുകാരനെന്ന വ്യജേന അഡിഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ജയ്‌വീര്‍ സിങ് ബധൗിയ സംഘവുമായി ബന്ധപ്പെട്ടു. തന്ത്രത്തില്‍ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.
പിടിയിലായ നാലു പേര്‍ക്കെതിരെയും 1942 ലെ എംപി എന്‍റർടെയ്‌ൻമെന്‍റ് ഡ്യൂട്ടി ആന്‍റ് അഡ്വർടൈസ്‌മെന്‍റ് ടാക്‌സ് നിയമത്തിലെ സെക്ഷൻ 22 എ/25 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അഡിഷണല്‍ ഡപ്യൂട്ടി കമ്മിഷണര്‍ ജയ്‌വീര്‍ സിങ് ബധൗരിയ അറിയിച്ചു.
മുമ്പും സമാന സംഭവം: ജനുവരി 19ന് ഇതേ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ അനധികൃതമായി വില്‍പന നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവരില്‍ നിന്ന് പൊലീസ് ഒമ്പത് ടിക്കറ്റുകളാണ് പിടിച്ചെടുത്തത്. അതേ ദിവസം തന്നെ ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വാതുവയ്‌പ്പ് സംഘടിപ്പിച്ച മൂന്നംഗ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു.
ഓണ്‍ലൈന്‍ വാതുവയ്‌പ്പ്: ആളുകളില്‍ നിന്ന് പണം കൈപ്പറ്റി തങ്ങളുടെ വെബ്‌സൈറ്റിലൂടെ വാതുവയ്‌പ്പിനുളള ഓണ്‍ലൈന്‍ സൗകര്യം നല്‍കുകയായിരുന്നു സംഘം. ഇവര്‍ക്ക് വിജയ് നഗര്‍ പ്രദേശത്ത് ഒരു ഓഫിസും ഉണ്ടായിരുന്നു. വിജയ് നഗറിലെ ഐറന്‍ ഹൈറ്റ്‌സില്‍ ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്‌പ്പ് നടക്കുന്നതായി ക്രൈം ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചതായി അഡിഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഗുരു പ്രസാദ് പരാശര്‍ പറഞ്ഞു.
വിവരമറിഞ്ഞ് ക്രൈം സ്ഥലത്തെത്തിയ ബ്രാഞ്ച് സംഘം വാതുവയ്‌പ്പ് സംഘത്തിന്‍റെ മാനേജരായ വിശാല്‍ സോളങ്കി മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച് വാതുവയ്‌പ്പ് നടത്തുന്നതായി കണ്ടെത്തി. താനും സുഹൃത്തുക്കളും വെബ്‌സൈറ്റ് വഴി വാതുവയ്‌പ്പ് സംഘടിപ്പിക്കുന്നതായും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചതായും ചോദ്യം ചെയ്യലില്‍ വിശാല്‍ സോളങ്കി പറഞ്ഞു.
കേസെടുത്തത് ചൂതാട്ട നിയമ പ്രകാരം: ചൂതാട്ട നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മാനേജരെയും രണ്ട് കൂട്ടാളികളെയും സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പ്രതികളുടെ പക്കല്‍ നിന്ന് 10 മൊബൈലുകളും രണ്ട് കമ്പ്യൂട്ടറുകളും മറ്റ് സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയുടെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരമാണ് നാളെ മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്.