ലഖ്‌നൗ: ബ്ലാക്ക് ഫംഗസ് എന്ന മാരകമായ അണുബാധയെ ഉത്തർപ്രദേശ് സർക്കാർ വെള്ളിയാഴ്ച പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 169 ബ്ലാക്ക് ഫംഗസ് കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചവ്യാധി രോഗ നിയമപ്രകാരം ബ്ലാക്ക് ഫംഗസ് രോഗത്തെ പ്രധാന ശ്രദ്ധ നൽകേണ്ട രോഗമായി പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ബ്ലാക്ക് ഫംഗസ് കൊവിഡ് രോഗികളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
സംസ്ഥാനങ്ങളിലെ എല്ലാ സർക്കാർ, സ്വകാര്യ ആരോഗ്യ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും സ്ക്രീനിംഗ്, രോഗനിർണയം, രോഗം ചികിത്സിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കൽ എന്നിവ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ബ്ലാക്ക് ഫംഗസിന്റെ സംശയാസ്പദവും സ്ഥിരീകരിക്കപ്പെട്ടതുമായ എല്ലാ കേസുകളും റിപ്പോർട്ട് ചെയ്യുന്നത് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിർബന്ധമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്‌നാട്, ഒഡീഷ, ഗുജറാത്ത്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തെലങ്കാനയും രാജസ്ഥാനും ഈ രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.
മ്യൂക്കോർമൈക്കോസിസ് എന്നും അറിയപ്പെടുന്ന ഈ രോഗം ചർമ്മം മുറിയുകയോ, പോറൽ എൽക്കുകയോ, പൊള്ളൽ എൽക്കുകയോ ചെയ്യുന്നതിലൂടെ പടരാൻ ഇടയുണ്ട്. കൊവിഡ് രോഗികൾക്കിടയിലും രോഗമുക്തി നേടിയവർക്കിടയിലും ഈ രോഗം ധാരാളമായി കണ്ടുവരുന്നുണ്ട്. മാത്രമല്ല പ്രമേഹ രോഗികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഫംഗസ് ബാധിതരാകാൻ ഇടയുണ്ട്.
Also read: ബ്ലാക്ക് ഫംഗസ്;ആംഫോട്ടെറിസിൻ-ബി മരുന്നിന്‍റെ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം