ഡെറാഡൂൺ: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഉത്തരാഖണ്ഡിലും ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. നിലവിൽ സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച 65 രോഗികളെ കണ്ടെത്തി. ഉത്തരാഖണ്ഡിന് പുറമേ രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, കർണാടക, ഒഡിഷ, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും പകർച്ചവ്യാധി നിയമപ്രകാരം ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.
Also Read: ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെ ബാധിക്കുന്നതിനുള്ള സാധ്യത കുറവ്: എയിംസ്
മണ്ണ്, സസ്യങ്ങൾ, വളം, ചീഞ്ഞളിഞ്ഞ പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന മ്യൂക്കോർ പൂപ്പലിൽ പ്രകാശനം സംഭവിക്കുന്നത് മൂലമുണ്ടാകുന്ന ഈ ഫംഗസ് ശരീരത്തിലെ ചെറിയ മുറിവുകൾ, പൊള്ളലുകൾ മുതലായവ വഴി ഉള്ളിലേക്ക് പ്രവേശിക്കുന്നു. ഇത് തലച്ചോറിനെയും ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കൊവിഡ് ഭേദമായവരിലും പ്രത്യേകിച്ച് പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറയുന്ന അവസ്ഥയിലാണ് ഇത് അധികവും ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധിതർ രാജ്യത്ത് അധികരിക്കുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോദിക്കുന്നതിനായുള്ള ആംഫോട്ടെറിസിൻ-ബി മരുന്നുകളുടെ ലഭ്യത ഇപ്പോൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനായി കൂടുതൽ നിർമാതാക്കളുമായി ചർച്ച നത്തിവരികയാണെന്നും കേന്ദ്ര കേന്ദ്ര മന്ത്രാലയം അറിയിച്ചു.