ന്യൂഡൽഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും മതചിഹ്നമാണെന്ന് സുപ്രീം കോടതിയില്‍ വാദിച്ച് മുസ്‌ലിം ലീഗ്. മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെയുള്ള ഹര്‍ജിയിലാണ് മുസ്‌ലിം ലീഗ് ഇക്കാര്യം ഉന്നയിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ ചിഹ്നമാണെന്ന് ലീഗ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
മതപരമായ പേരുകളും ചിഹ്നങ്ങളുമുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാണ് ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്നയാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെയാണ് ഹാജരായത്. ശിവസേന, ഹിന്ദു മഹാസഭ, അകാലിദൾ, ഇസ്‌ലാം പാർട്ടി ഹിന്ദ്, ക്രിസ്‌ത്യൻ ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ പാർട്ടികളേയും ഹർജിയിൽ കക്ഷി ചേര്‍ക്കണമെന്നും ലീഗ് ചൂണ്ടിക്കാട്ടി.
'ഹിന്ദു, ബുദ്ധമതങ്ങള്‍ക്ക് താമരയുമായി ബന്ധമുണ്ട്': 'ഹിന്ദുമതമനുസരിച്ച്, ഓരോ മനുഷ്യനിലും പവിത്രമായ താമരയുടെ ചൈതന്യമുണ്ട്. അത് നിത്യത, വിശുദ്ധി, ദൈവികത എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇത് ജീവിതത്തിലെ ഐശ്വര്യത്തിന്‍റെ പ്രതീകമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. താമരപ്പൂവ് സ്ത്രീ സൗന്ദര്യത്തെ വിവരിക്കാൻ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് സ്ത്രീയുടെ കണ്ണുകൾ. ബുദ്ധമതക്കാർക്ക്, താമരപ്പൂവ് ശുദ്ധവും കളങ്കമില്ലാത്തതുമാണ്.
അത് മനുഷ്യന്‍റെ തലയുടെ ഏറ്റവും ഉയർന്ന അവസ്ഥയെ പ്രതീകപ്പെടുത്തുന്നു. കൂടാതെ വിഷ്‌ണു, ബ്രഹ്മാവ്, ശിവൻ, ലക്ഷ്‌മി എന്നിങ്ങനെ ഹിന്ദുമതത്തിലെ ദൈവങ്ങളുമായി താമര ബന്ധപ്പെട്ടിരിക്കുന്നു.' -ലീഗ് വാദിച്ചു.
2021-ൽ ഹിന്ദുമതം സ്വീകരിക്കുകയും ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്ന് പേര് മാറ്റുകയും ചെയ്‌ത ഉത്തർപ്രദേശിലെ ഷിയ വഖഫ് ബോർഡിന്‍റെ മുൻ ചെയർമായിരുന്ന സയ്യിദ് വസീം റിസ്‌വിയാണ് മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ സമർപ്പിച്ചത്. സെക്ഷൻ 29 എ യുടെ ഉത്തരവ് നടപ്പാക്കാൻ ആവശ്യപ്പെട്ടാണ് സയ്യിദ് വസീം റിസ്‌വിയുടെ ഹര്‍ജി.
ജനപ്രാതിനിധ്യ നിയമത്തിന്‍റെ 123(3), 123(3എ) എന്നിവയും മതവുമായി ബന്ധപ്പെടുത്തുന്ന പാർട്ടികളുടെ പേരും ചിഹ്നങ്ങളും രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കാനും സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ പറയുന്നു.
ചൂണ്ടിക്കാട്ടിയത് രണ്ട് പാര്‍ട്ടികളെ മാത്രം: മതചിഹ്‌നം ഉപയോഗിച്ച പാര്‍ട്ടികളുടെ പേര് പറയാൻ റിസ്‌വിയോട് ആവശ്യപ്പെട്ടപ്പോൾ, മുസ്‌ലിം ലീഗ്, പുറമെ ഹൈദരാബാദ് എംപി അസദുദ്ദീന്‍ എംപിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമിൻ (എഐഎംഐഎം) എന്നീ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേരുകള്‍ മാത്രമാണ് ഇയാള്‍ പറഞ്ഞത്. ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ തങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീന് (എഐഎംഐഎം) വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ഹിയറിങില്‍, മതചിഹ്നം ഉപയോഗിച്ച എല്ലാ പാര്‍ട്ടികളെയും പട്ടികപ്പെടുത്തി ഹാജരാക്കാന്‍ സുപ്രീം കോടതി ഹർജിക്കാരനോട് നിർദേശിച്ചിരുന്നു. എന്നാല്‍, മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടിയതുപോലെ നിരവധി പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ലീഗ്, എഐഎംഐഎം എന്നീ പാര്‍ട്ടികളുടെ പേരുകള്‍ മാത്രമാണ് അദ്ദേഹം സുപ്രീം കോടതിയില്‍ നല്‍കിയത്.