ലഖ്‌നൗ: 'ദി കേരള സ്‌റ്റോറി' വിവാദങ്ങള്‍ക്കിടെ 100 പെണ്‍കുട്ടികളെ സിനിമ കാണിക്കുമെന്ന് ഉത്തര്‍ പ്രദേശ് ബിജെപി സെക്രട്ടറി അഭിജിത്ത് മിശ്ര. മറ്റുള്ളവരോടും ഇങ്ങനെ തന്നെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ലൗ ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാനൊരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പെണ്‍കുട്ടികളോട് സുരക്ഷിതരായിരിക്കാന്‍ ബിജെപി നേതാവ്: ഹൈന്ദവ സ്‌ത്രീകളെ പ്രണയിച്ച് വിവാഹം ചെയ്‌ത് മതപരിവര്‍ത്തനം ചെയ്യുന്ന ഇസ്‌ലാം പുരുഷന്മാരുടെ രീതിയെ വിവരിക്കുവാന്‍ വലതുപക്ഷ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വാക്കാണ് ലൗ ജിഹാദ്. '100 പെണ്‍കുട്ടികള്‍ക്ക് ദി കേരള സ്‌റ്റോറി എന്ന സിനിമ കാണിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഞാനൊരുക്കും. നിങ്ങളും ഇത്തരത്തില്‍ ചെയ്യണം, സുരക്ഷിതരായിരിക്കൂ'- അഭിഷേക് മിശ്ര ട്വീറ്റ് ചെയ്‌തു.
'പ്രണയത്തിനെ അധിക്ഷേപിക്കുന്ന ഒന്നാണ് ലൗ ജിഹാദ്. രണ്ടാമതായി നമ്മുടെ കുട്ടികളെ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവര്‍ പ്രേരിപ്പിക്കുകയാണ്. എല്ലാവര്‍ക്കും അവരുടെ മത വിശ്വാസം പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്'.
'എന്നാല്‍, ശാരീരിക ചൂഷണം നടത്തി തെറ്റായ പാതയിലേക്ക് അവരെ നയിക്കുന്ന പ്രവണതയെ അംഗീകരിക്കുവാനാവില്ല. ഇസ്‌ലാം ഭീകരവാദികളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്കായി പണം നല്‍കുന്നത്. വിഷയത്തില്‍ മറ്റ് പെണ്‍കുട്ടികള്‍ക്കും ബോധവത്‌കരണം നല്‍കേണ്ടത് ആവശ്യമാണെന്നും ഇത്തരം പ്രതിസന്ധികളില്‍ നിന്ന് നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കണമെന്നും' പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു.
മോദിയുടെ പരാമര്‍ശം: അതേസമയം, കര്‍ണാടക തെരഞ്ഞെടുപ്പ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദി കേരള സ്‌റ്റോറിയെ പരാമര്‍ശിക്കുകയും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. കേരള സ്‌റ്റോറി നിലവിലെ ചര്‍ച്ചാവിഷയമാണെന്നും കേരളത്തിലെ ഭീകര ഗൂഢാലോചനകള്‍ വെളിപ്പെടുത്തുന്നതാണ് ചിത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലിയെ അഭിസംബോധന ചെയ്‌തു സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം.
സുതീപ്തോ സെന്‍ സംവിധാനം ചെയ്‌ത ദി കേരള സ്‌റ്റോറിയെ മതേതര സ്വഭാവമുള്ള കേരളീയ സമൂഹം സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി പറഞ്ഞു. ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന ആവശ്യവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പ്രദര്‍ശനത്തിന് സ്‌റ്റേ അനുവാദത്തിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയ കോടതി വിവാദ പരാമര്‍ശമടങ്ങിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ നീക്കം ചെയ്യാമെന്ന നിര്‍മാതാക്കളുടെ ഉറപ്പും രേഖപ്പെടുത്തി.
കേരളീയ സമൂഹം ചിത്രത്തെ സ്വീകരിക്കുമെന്ന് ഹൈക്കോടതി: നിയമാനുസൃത സംവിധാനം വിലയിരുത്തിയതിന് ശേഷം പ്രദര്‍ശനത്തിന് അനുമതി നല്‍കിയതല്ലേ. ദി കേരള സ്‌റ്റോറി ചരിത്ര സിനിമയല്ല, മറിച്ച് സാങ്കല്‍പ്പിക കഥയാണ്. അതില്‍, മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചുകൊള്ളുമെന്ന് കോടതി അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആദ ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി സുതീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ദി കേരള സ്‌റ്റോറി. വിപുല്‍ അമൃത്‌ലാല്‍ ഷായുടെ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്‌ത്രീകളുടെ പിന്നിലെ സംഭവ വികാസങ്ങളെ ചുറ്റിപറ്റിയുള്ളതാണ് ചിത്രമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം.