ന്യൂഡല്‍ഹി : ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി (L K Advani) രാമ ക്ഷേത്ര പ്രതിഷ്‌ഠയില്‍ (Ram Temple Pran Pratishtha) പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്‍റ് അലോക് കുമാര്‍. രാഷ്ട്രീയ സ്വയം സേവക് സംഘം നേതാക്കളായ കൃഷ്‌ണ ഗോപാലും രാംലാലിനുമൊപ്പമാണ് അലോക് കുമാര്‍ കഴിഞ്ഞ ദിവസം എല്‍ കെ അദ്വാനിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
അതേസമയം പ്രതിഷ്‌ഠ ചടങ്ങുകളിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനടക്കമുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തി കഴിഞ്ഞു.
ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളുടെ പ്രതിഷേധമാണ് കോണ്‍ഗ്രസിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് വിവരം. ബിജെപിയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിനെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ജനുവരി പതിനാറിനാണ് പ്രതിഷ്‌ഠ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. നാനാതുറകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ജനുവരി 22 ഉച്ചയ്ക്കാണ് പ്രതിഷ്‌ഠ നടക്കുന്നത്. പ്രതിഷ്‌ഠയ്ക്ക് ഒരാഴ്‌ച മുമ്പ് തന്നെ മന്ത്രോച്ചാരണ ചടങ്ങുകള്‍ ആരംഭിക്കും. വാരണാസിയില്‍ നിന്നുള്ള ലക്ഷ്‌മി കാന്ത് ദീക്ഷിത് ആണ് രാമക്ഷേത്ര പ്രതിഷ്‌ഠ നടത്തുന്നത്. ജനുവരി പതിനാല് മുതല്‍ 22 വരെ അയോധ്യയില്‍ അമൃത മഹോത്സവം ആഘോഷിക്കും.
അതേസമയം, അയോധ്യയിലെ ശ്രീ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. സോണിയ ഗാന്ധി കാണിക്കുന്നത് രാമനിലുള്ള വിശ്വാസമില്ലായ്‌മയാണെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
രാമനിൽ തനിക്ക് പൂർണമായും വിശ്വാസമില്ലെന്ന് സോണിയ തെളിച്ച് പറയണമെന്ന് സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്‍റെ ക്ഷേത്രത്തോടും രാമ ക്ഷേത്രത്തോടും ഒരേപോലെ അർപ്പണബോധമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെപോലെ ഒരു നേതാവിനെ ലഭിച്ചത് ഭാഗ്യമാണെന്നും സ്‌മൃതി ഇറാനി കൂട്ടിചേർത്തു.
Also Read: അയോധ്യ പ്രതിഷ്‌ഠ ചടങ്ങ്: കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ അധ്യക്ഷന്‍
സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ക്ഷണം സ്വീകരിക്കാത്തതിൽ പ്രത്യേകിച്ച് അതിശയിക്കാൻ ഒന്നുമില്ല കാരണം സോണിയ ഗാന്ധി പാർട്ടിയുടെ തലപ്പത്ത് ഇരിക്കുമ്പോൾ ശ്രീരാമൻ ഇല്ലെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരുന്നുമെന്ന് സ്‌മൃതി ഇറാനി ആരോപിച്ചു .
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിനും ക്ഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിനും സ്‌മൃതി ഇറാനി മറുപടി നൽകി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുമ്പോൾ കോൺഗ്രസുകാർ കുറ്റക്കാരാണെന്നേ തനിക്ക് പറയാൻ കഴിയു എന്നാണ് സ്‌മൃതി ഇറാനി പറഞ്ഞത്.