ജമ്മു കശ്മീര്‍ : വോട്ട് ബാങ്കിനായി താലിബാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ പേരുകള്‍ ബിജെപി ഉപയോഗിക്കുകയാണെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി. ഏഴ് വര്‍ഷത്തെ ഭരണത്തിനിടെ ബിജെപി രാജ്യത്തെ നശിപ്പിച്ചു. കശ്‌മീരിന്‍റെ അവസ്ഥ പരിതാപകരമായ നിലയിലേക്ക് എത്തിച്ചതും ബിജെപി സര്‍ക്കാരാണ്.
കോണ്‍ഗ്രസ് 70 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ എല്ലാ നല്ല കാര്യങ്ങളും ബിജെപി ഏഴ് വര്‍ഷത്തെ ഭരണം കൊണ്ട് ഇല്ലാതാക്കി. രാജ്യത്തെ വിഭവങ്ങളും പൊതു സ്വത്തും ഓരോന്നായി ബിജെപി വില്‍ക്കുകയാണ്. പ്രതിപക്ഷത്തെ നേതാക്കളെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ഖജനാവ് ഉപയോഗിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
രാജ്യത്ത് ഹിന്ദുക്കള്‍ അപകടത്തിലാണെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഹിന്ദുക്കളല്ല രാജ്യത്തെ ജനാധിപത്യമാണ് അപകടത്തിലായിരിക്കുന്നത്. താലിബാനെ കുറിച്ചോ സ്വന്തം പാര്‍ട്ടിയുടെ നിലപാടിനെ കുറിച്ചോ അരെങ്കിലും സംസാരിച്ചാല്‍ അതിനെ ദേശവിരുദ്ധമാക്കാനാണ് ബിജെപിയുടെ ശ്രമം.
കൂടുതല്‍ വായനക്ക്: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെ ; രണ്ട് ഉപമുഖ്യമന്ത്രിമാര്‍
വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപി താലിബാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ തുടങ്ങിയ പേരുകള്‍ പറയും. ഡ്രോണുകളും ചിത്രങ്ങളും പലയിടങ്ങളില്‍ നിന്ന് കണ്ടെത്തിയാതായി പ്രചരിപ്പിക്കും. ഇത്തരം നടപടികള്‍ വോട്ടിന് വേണ്ടിയുള്ള നാടകമാണെന്നും മുഫ്‌തി പ്രതികരിച്ചു.
ലഡാക്കിലേക്ക് നുഴഞ്ഞുകയറിയ ചൈനയെക്കുറിച്ച് അവർ സംസാരിക്കില്ല. രാജ്യത്തെ കുറിച്ച് സംസാരിച്ചാല്‍ വോട്ട് ലഭിക്കില്ലെന്ന് അവര്‍ക്ക് അറിയാം. രാജ്യസുരക്ഷയെ കുറിച്ച് ഭീതി നിറച്ച വാര്‍ത്തകള്‍ പ്രചരിപ്പിച്ച് നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.