ന്യൂഡല്‍ഹി: ആംആദ്‌മി പാര്‍ട്ടി അംഗങ്ങളെ ബിജെപി കൂറുമാറാന്‍ പ്രേരിപ്പിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളെ ശരിവച്ച് എഎപി നേതാവ് സൗരഭ് ഭരദ്വാജ്. 40 എംഎല്‍എമാരെയാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നതെന്നും കൂറുമാറിയാല്‍ ഇവര്‍ക്ക് 20 കോടി രൂപ നല്‍കാമെന്നതുമായിരുന്നു ബിജെപിയുടെ വാഗ്‌ദാനം. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ ഇന്ന്(25.08.2022) രാവിലെ 11 മണിക്ക് എംഎല്‍മാരുടെ യോഗം ചേര്‍ന്നു.
'ബിജെപിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്' പദ്ധതി പരാജയപ്പെട്ടു. 62ല്‍ 53 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തു. സ്‌പീക്കര്‍ രാജ്യത്തിന് പുറത്തും, മനീഷ് സിസോദിയ ഹിമാചലിലുമാണ്. യോഗത്തില്‍ പങ്കെടുക്കാത്ത എല്ലാ എംഎല്‍എമാരെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. അവരെല്ലാം അവസാന ശ്വാസം വരെ മുഖ്യമന്ത്രിയുടെ കൂടെ നില്‍ക്കുമെന്ന് പറഞ്ഞുവെന്ന്' സൗരഭ് ഭരദ്വാജ് അറിയിച്ചു.
പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം: ഞങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന 12 എംഎല്‍എമാരെ വാഗ്‌ദാനങ്ങള്‍ നല്‍കി പക്ഷത്താക്കിയ ശേഷം പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് സൗരഭ് അഭിപ്രായപ്പെട്ടു. രാവിലെ എഎപി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് പകുതിയോളം എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നു എന്ന വാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എഎപി നേതാവിന്‍റെ പ്രതികരണം.
എഎപി മന്ത്രിമാരെ ലക്ഷ്യമിട്ടുള്ള സിബിഐ, ഇഡി റെയ്‌ഡുകള്‍ തങ്ങളുടെ അംഗങ്ങളെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യം തുടങ്ങിയവയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്‌തത്. ചില എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കില്ല എന്ന വിവരത്തെ തുടര്‍ന്ന് എത്ര എംഎല്‍മാര്‍ യോഗത്തില്‍ പങ്കാളികളായി എന്നത് ഭരണപക്ഷവും പ്രതിപക്ഷവും ഉറ്റുനോക്കിയിരുന്നു. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കിയാല്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ബിജെപി വാഗ്‌ദാനം ചെയ്‌തു എന്നാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തിയിരുന്നു.
ആരോപണങ്ങളെ അവഗണിച്ച് ബിജെപി: എന്നാല്‍ അഴിമതിയില്‍ നിന്നും മുഖം രക്ഷിക്കുവാനുള്ള സര്‍ക്കാരിന്‍റെ തന്ത്രമാണിതെന്ന് ബിജെപി ആരോപിച്ചു. മദ്യ അഴിമതിയില്‍ ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്‌ഡ് നടത്തിയതു മുതലാണ് എഎപി തങ്ങള്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് തുടക്കമിട്ടതെന്നും സിസോദിയ അഴിമതി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള 15 പേരിലൊരാളാണെന്ന് ബിജെപി പറഞ്ഞു.