ന്യൂഡല്‍ഹി: വോട്ടെണ്ണൽ ദിനത്തിലെ ആഘോഷ പ്രകടനങ്ങൾ നിരോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കണക്കിലെടുത്ത് മെയ് 2ന് വെർച്വൽ ആഘോഷം സംഘടിപ്പിക്കുമെന്ന് ബിജെപി.
ബംഗാൾ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ഉത്തരവാദിത്തമുള്ള ഒരു പാർട്ടി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗനിർദ്ദേശം അനുസരിച്ച് വെർച്വൽ ആഘോഷം നടത്തുമെന്നും ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണ വേളയിൽ പാർട്ടി എല്ലായ്പ്പോഴും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നുവെന്നും തരുൺ ചുഗ് വ്യക്തമാക്കി.
കൊവിഡ് സാഹചര്യം വഷളാകുന്ന സാഹചര്യത്തിൽ വോട്ടെണ്ണലിനു ശേഷം ഏതെങ്കിലും തരത്തിലുള്ള ഘോഷയാത്രകളോ പ്രകടനങ്ങളോ നടത്തുന്നത് നിരോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ നേരത്തെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സ്വാഗതം ചെയ്തിരുന്നു.
രാജ്യത്തൊട്ടാകെയുള്ള കൊവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത്, വോട്ടെണ്ണൽ പ്രക്രിയയിൽ കൂടുതൽ കർശനമായ വ്യവസ്ഥകൾ പാലിക്കാൻ കമ്മീഷൻ തീരുമാനിച്ചുവെന്നും വോട്ടെണ്ണലിനുശേഷം ഘോഷയാത്ര അനുവദനീയമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കൂടാതെ റിട്ടേണിങ് ഓഫിസറിൽ നിന്നും തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ വിജയിക്കുന്ന സ്ഥാനാർഥിക്കൊപ്പമോ അംഗീകൃത പ്രതിനിധിക്കൊപ്പമോ രണ്ടിൽ കൂടുതൽ പേർ ഉണ്ടാവാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ മെയ് 2 ന് നടക്കും