ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്കെതിരെ വരുണയില്‍ വി സോമണ്ണയെ ഇറക്കാന്‍ ബിജെപി നീക്കം. വരുണയ്‌ക്ക് പുറമെ ചാമരാജനഗറിലും ബിജെപി ടിക്കറ്റില്‍ നിലവില്‍ മന്ത്രി കൂടിയായ വി സോമണ്ണ മത്സരിക്കും. അതേസമയം കനകപൂരില്‍ കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാറിനെ നേരിടാന്‍ ആര്‍ അശോകിനെയാണ് ബിജെപി ഇറക്കുന്നത്. പദ്‌മനാഭനഗറിലും ആര്‍ അശോക് മത്സരിക്കും.
സോമണ്ണയുടെയും ആര്‍ അശോകിന്‍റെയും സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസിന് മേല്‍ക്കോയ്‌മയുള്ള രണ്ട് മണ്ഡലങ്ങളിലും പാര്‍ട്ടി നേതാക്കളെ പരാചയപ്പെടുത്താനുള്ള കോപ്പുകൂട്ടുകയാണ് ബിജെപി. ബിജെപിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ദേശീയ നേതൃത്വം പുറത്ത് വിട്ടതോടെയാണ് പാര്‍ട്ടി തന്ത്രങ്ങള്‍ ചര്‍ച്ചയാകുന്നത്. അതേസമയം ഹുബ്ലി-ധാര്‍വാര്‍ഡ് സെന്‍ട്രല്‍, ഷിമോഗ സിറ്റി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചിട്ടില്ല.
സോമണ്ണയ്‌ക്ക് ഇരട്ട ടിക്കറ്റ്: ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നപ്പോള്‍ വി സോമണ്ണയും ആര്‍ അശോകും ഇരട്ട സീറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. സോമണ്ണ മത്സരിക്കാനൊരുങ്ങുന്ന ചാമരാജനഗര്‍, വരുണ നിയമസഭ മണ്ഡലങ്ങളില്‍ ലിംഗായത്തുകള്‍ക്ക് ആധിപത്യം ഉണ്ടെങ്കിലും ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസും. പഴയ മൈസൂരില്‍ ബിജെപിയെ വിജയിപ്പിക്കാനായി കച്ചകെട്ടിയ ഹൈക്കമാന്‍ഡിന്‍റെ സാരഥിയാണ് സോമണ്ണ.
അടിസ്ഥാന സൗകര്യ വികസന മന്ത്രിയായ സേമണ്ണയെ രണ്ട് സീറ്റില്‍ മത്സരിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുകയാണ് ബിജെപി. തനിക്കും തന്‍റെ മകനും വേണ്ടി ബിജെപിയുടെ രണ്ട് ടിക്കറ്റുകളാണ് സോമണ്ണ ആവശ്യപ്പെട്ടിരുന്നത്. രണ്ട് ടിക്കറ്റുകള്‍ ഹൈക്കമാന്‍ഡ് നല്‍കുകയും ചെയ്‌തു. എന്നാല്‍ രണ്ട് സീറ്റിലും സോമണ്ണ മത്സരിക്കണമെന്നാണ് പാര്‍ട്ടി നിര്‍ദേശം.
ലിംഗായത്ത് നേതാവിനെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങളാണ് മോദിയുടെ സംഘം മുന്നോട്ട് വയ്‌ക്കുന്നത്. കോണ്‍ഗ്രസിന്‍റെ ബഹുജന നേതാവായ സിദ്ധരാമയ്യയെ പരാജയപ്പെടുത്തുകയാണ് ബിജെപിയുടെ പ്രഥമ ലക്ഷ്യം. കോണ്‍ഗ്രസ് ആധിപത്യമുള്ള ചാമരാജനഗര്‍ കൈപ്പിടിയിലൊതുക്കുകയാണ് ബിജെപിയുടെ മറ്റൊരു ലക്ഷ്യം.
ചാമരാജനഗര്‍ ജില്ലയിലെ ഹനൂര്‍ മണ്ഡലത്തില്‍ മുന്‍ കാലം മുതല്‍ രണ്ട് കൂട്ടരും തമ്മിലുള്ള ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. ഇത്തവണയും ഇത് തുടരാനാണ് സാധ്യത. കോണ്‍ഗ്രസിന്‍റെ ആര്‍ നരേന്ദ്രയും ബിജെപിയുടെ ഡോ. പ്രീതം നാഗപ്പയുമാണ് മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത്. അതേസമയം പ്രതീക്ഷിച്ചതു പോലെ തന്നെ കൊല്ലേഗലയില്‍ സിറ്റിങ് എംഎല്‍എ എന്‍ മഹേഷും ഗുണ്ടല്‍പേട്ടില്‍ സിറ്റിങ് എംഎല്‍എ നിരഞ്ജനകുമാറും ബിജെപി ടിക്കറ്റില്‍ മത്സരിക്കും.
അച്ഛന് പകരം മകനെയിറക്കി ബിജെപിയുടെ തന്ത്രം: പ്രമുഖ ബിജെപി നേതാക്കളുടെ മക്കള്‍ ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര മത്സരിക്കുന്നത് പ്രതീക്ഷിച്ചതുപോലെ ശിക്കാരിപുരയില്‍ നിന്നാണ്. വിജയേന്ദ്ര വരുണയില്‍ നിന്ന് മത്സരിക്കണമെന്നായിരുന്നു ആദ്യം മുന്നോട്ട് വച്ച നിര്‍ദേശം. എന്നാല്‍ യെദ്യൂരപ്പ തന്നെ ഇത് എതിര്‍ക്കുകയായിരുന്നു. പിന്നാലെ വരുണയില്‍ സോമണ്ണയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആനന്ദ് സിങ്ങിന്‍റെ മകന്‍ സിദ്ധാര്‍ഥ് സിങ് ബിജെപി സ്ഥാനാര്‍ഥിയായി വിജയനഗര മണ്ഡലത്തില്‍ മത്സരിക്കും. മകന്‍റെ സ്ഥാനാര്‍ഥിത്വത്തിനായി ആനന്ദ് സിങ് സ്വാധീനം ചെലുത്തി എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നപ്പോള്‍ ചില മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ലഭിച്ചില്ല. ഹൊസ്‌ദുർഗ മണ്ഡലത്തിൽ നിന്നുള്ള ഗൂളിഹട്ടി ശേഖർ, ബെൽഗാം നോർത്തിൽ നിന്നുള്ള അനിൽ ബെനകെ, പുത്തൂരിലെ സഞ്ജീവ മഠത്തൂർ, കാപ്പുവിൽ നിന്ന് ലാലാജി മെന്‍ഡന്‍, ഉഡുപ്പിയിൽ നിന്നുള്ള രഘുപതി ഭട്ട്, കുന്ദാപൂരിൽ നിന്നുള്ള ഹലാഡി ശ്രീനിവാസ ഷെട്ടി എന്നിവർക്കാണ് ഇത്തവണ ടിക്കറ്റ് നഷ്‌ടമായത്.