ന്യൂഡൽഹി : പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ബിജെപി വക്താക്കളായ നുപുർ ശർമയെയും നവീൻ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു ടിവി ചാനൽ ചർച്ചയ്ക്കിടെയാണ് നുപുർ ശർമ മുഹമ്മദ് നബിയെക്കിറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്. തന്‍റെ ട്വിറ്റർ ഹാൻഡിലില്‍ ഇസ്ലാമിനെതിരെ ആക്ഷേപകരമായ ഉള്ളടക്കം എഴുതിയതിനാണ് നവീൻ ജിൻഡാലിന് സസ്‌പെൻഷൻ.
സംഭവം വിവാദമായതിനെത്തുടർന്ന് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതിനെ അപലപിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ബിജെപി പ്രസ്‌താവന ഇറക്കിയിരുന്നു.കൂടാതെ, ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ പ്രത്യയശാസ്ത്രത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും അത്തരം ആളുകളെ പ്രോത്സാഹിപ്പിക്കില്ലെന്നും ബിജെപി പ്രസ്താവനയിൽ അവകാശപ്പെട്ടിരുന്നു.
ഇന്ത്യയുടെ ഭരണഘടന ഓരോ പൗരനും ഇഷ്‌ടമുള്ള ഏത് മതവും പിന്‍തുടരാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും അവകാശം നൽകുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയെ, എല്ലാവരും തുല്യരായ മഹത്തായ രാജ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാവരും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഉറപ്പ് വരുത്തുന്നതിലും പ്രതിജ്ഞാബദ്ധരാണ് - ബിജെപി പ്രസ്‌താവനയിൽ അവകാശപ്പെട്ടു.
അതേസമയം നുപുർ ശർമയുടെ പ്രസ്‌താവന കാണ്‍പൂരിൽ വലിയ വിവാദമാണ് സൃഷ്‌ടിച്ചത്. ഇതേത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും വലിയ നാശ നഷ്‌ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്‍റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്‍റെ പരാതിയെ തുടർന്ന് മുംബൈ പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുമുണ്ട്.