ന്യൂഡൽഹി : ബംഗാളിലെ കനത്ത തോല്‍വിക്ക് പിന്നാലെ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ ബിജെപി. അടുത്ത തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നിര്‍ണായക നീക്കങ്ങള്‍ ഉടൻ കൈക്കൊള്ളണമെന്ന വെളിപാടാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം മോദിക്കും കൂട്ടര്‍ക്കും നല്‍കിയിരിക്കുന്നത്.
കർഷക പ്രതിഷേധം, കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതി, ഉയരുന്ന ഇന്ധനവില, സാമ്പത്തിക മാന്ദ്യം, ബംഗാൾ തെരഞ്ഞെടുപ്പിലെ പരാജയം, നേതാക്കളുടെ കൂറ് മാറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ പാർട്ടിയെയും സർക്കാരിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 2021ന്‍റെ തുടക്കം മുതല്‍ പ്രതിപക്ഷം കൂടുതല്‍ കരുത്താർജിക്കുകയുമാണ്.
മന്ത്രിസഭ വിപുലീകരണം ?
അടുത്ത വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് മോദിയും സംഘവും പുതിയ പദ്ധതികളൊരുക്കുന്നത്.
കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ പ്രകടനമികവ് വിലയിരുത്തിയാണ് തുടക്കം. മോദിക്കൊപ്പം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവര്‍ ചേർന്നാണ് മന്ത്രിമാരുടെ മികവ് പരിശോധിക്കുക.
also read: കേന്ദ്ര മന്ത്രിസഭ പുനസംഘടന ; സിന്ധ്യ മന്ത്രിയായേക്കും
ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രിസഭ വിപുലീകരണം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെയും പാര്‍ട്ടി ഘടകങ്ങളുടെയും പ്രകടനവും മോദി നേരിട്ട് വിലയിരുത്തും. ബിജെപിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രകടനവും വിലയിരുത്തപ്പെടും.
ബംഗാള്‍ പഠിപ്പിച്ച പാഠം
ബംഗാളിലെ തോല്‍വി പാർട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി പല ബിജെപി നേതാക്കളും ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മികച്ച പ്രതിപക്ഷത്തെ കെട്ടിപ്പടുക്കാന്‍ സുവേന്ദു അധികാരിയുമായി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ബംഗാള്‍ ഗവർണർ ജഗ്‌ദീപ് ദംഗറും ബുധനാഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്‌ച നടത്തിയേക്കും.
അണയാതെ നില്‍ക്കുന്ന കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച് പഞ്ചാബിലെ പാര്‍ട്ടി അധ്യക്ഷനുമായി ജെ.പി നദ്ദയും ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് ബിജെപിയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.