ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളായി ഉപയോഗിക്കാൻ അനുവദിക്കാത്തതിൽ കേന്ദ്രം തന്നെ കുറ്റപ്പെടുത്തിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ മൂന്ന് കാർഷിക നിയമങ്ങൾ പാസാക്കിയെന്നാരോപിച്ച് താൻ ബിജെപിയുടെ ഭാഷയാണ് സംസാരിക്കുന്നതെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്‍റെ പരാമർശം തെറ്റായ ആരോപണമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.
നഗരത്തിലെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റാൻ ആം ആദ്മി സർക്കാർ ഡൽഹി പൊലീസിന് അനുമതി നിഷേധിച്ചിരുന്നു. കാർഷിക നിയമങ്ങൾ രാഷ്ട്രപതിയുടെ ഒപ്പോടെ രാജ്യത്തുടനീളം നടപ്പാക്കപ്പെട്ടുവെന്നും അവ തടയാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. മൂന്ന് ബില്ലുകൾ പാസാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കാർഷിക ബില്ലുകൾ തടയാൻ അമരീന്ദർ സിങ്ങിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അദ്ദേഹം അത് ചെയ്തില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. കർഷകരുടെ എല്ലാ ആവശ്യങ്ങളും ഉടനടി നിറവേറ്റണമെന്നും അവരുടെ വിളകൾക്ക് മിനിമം വില ഉറപ്പ് നൽകണമെന്നും കെജ്‌രിവാൾ കേന്ദ്രത്തോട് അഭ്യർഥിച്ചു.