ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 62 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്ത് വിട്ടത്. ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ സെറാജ് നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. അദ്ദേഹം ഇന്ന് (ഒക്‌ടോബര്‍ 19) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 18) ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മാരത്തൺ യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് അന്തിമ രൂപം നല്‍കിയത്. പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, സർബാനന്ദ സോനോവാൾ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.