ന്യൂഡല്‍ഹി : ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം തിങ്കളാഴ്‌ച ചേരും. അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ കര്‍ഷക പ്രക്ഷേഭവും കൊവിഡ് പ്രതിസന്ധിയും വരെ യോഗത്തില്‍ ചര്‍ച്ചയാകും. ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ അധ്യക്ഷനാകുന്ന യോഗത്തിൽ വക്താക്കൾക്ക് പുറമെ ദേശീയ തലത്തിൽ സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന എല്ലാ നേതാക്കളും പങ്കെടുക്കും.
കൊവിഡ് കാരണം നാളുകളായി സമിതി ചേര്‍ന്നിരുന്നില്ല. അതിനാല്‍ തന്നെ യോഗം ഏറെ നിര്‍ണായകമാണ്. ദേശീയ എക്സിക്യുട്ടീവ് യോഗം ചേരുന്നതിന് മുന്നോടിയായാണ് യോഗമെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ മുഖ്യ ചര്‍ച്ചയാകാനാണ് സാധ്യത.
Also Read: 'എന്നെ സസ്പെന്‍ഡ് ചെയ്‌ത കൊണാണ്ടൻമാർ അറിയാൻ' ; ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്ആര്‍ടിസി ഡ്രൈവർ
കാർഷിക നിയമങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭം, ലഖിംപുര്‍ ഖേരിയിൽ അടുത്തിടെ നടന്ന അക്രമത്തിൽ നാല് കർഷകർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ട സംഭവം, കര്‍ഷക പ്രതിഷേധം നടക്കുന്ന സിംഗു അതിർത്തിയിൽ ദളിത് യുവാവ് മരിച്ചത് എന്നിവയടക്കം വിവിധ വിഷയങ്ങള്‍ സജീവ ചര്‍ച്ചയാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന സമ്മര്‍ദവും ചര്‍ച്ച ചെയ്യും.