ഹൈദരാബാദ് : ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവും മുഖ്യമന്ത്രി കെസിആറിന്‍റെ മകളുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്‌തതിന് പിന്നാലെ ബിജെപി തെലങ്കാന അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ്‌യെ കസ്‌റ്റഡിയിലെടുത്ത് സംസ്ഥാന പൊലീസ്. എന്നാല്‍, എന്ത് വകുപ്പ് ചുമത്തിയാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത് എന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബിജെപി നേതാവിന്‍റെ അറസ്‌റ്റ്, തെലങ്കാന ഭരണകക്ഷിയായ ഭാരത് രാഷ്‌ട്ര സമിതിയും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിന് പുതിയ വഴിത്തിരിവായിരിക്കുകയാണ്.
ബൊമ്മലാരമരം പൊലീസ് സ്‌റ്റേഷനില്‍ വച്ച് ബണ്ടി സഞ്ജയ്‌യുമായി നിര്‍ബന്ധപൂര്‍വം കൂടിക്കാഴ്‌ച നടത്താന്‍ ശ്രമിച്ചതിന് ബിജെപി എംഎല്‍എ രഘുനന്ദന്‍ റാവുവിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തുവാന്‍ അനുവദിക്കാത്തതിലും എന്ത് കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത് എന്ന് വ്യക്തമാക്കാത്തതിലും എം എല്‍ എ രഘുനന്ദന്‍ റാവുവും പ്രവര്‍ത്തകരും പൊലീസുമായി വാക്കുതര്‍ക്കമുണ്ടായി. പത്താം ക്ലാസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന വിഷയുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുന്നതില്‍ നിന്ന് ബണ്ടി സഞ്ജയ്‌യെ തടയുന്നതിനാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തതെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.
നേരത്തെ, തെലങ്കാന പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ പരീക്ഷയില്‍ സംഭവിച്ച പരാജയങ്ങളെക്കുറിച്ചും വീഴ്‌ചകളെക്കുറിച്ചും ബിജെപി എംപി കെസിആര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ നേരിട്ട് ഹാജരാകാതെ അഭിഭാഷകരെ അയച്ചതിന് പ്രത്യേക അന്വേഷണ സംഘം ബിജെപി എംപിയ്‌ക്ക് നോട്ടിസ് അയച്ചിരുന്നു. തെലങ്കാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെയും അദ്ദേഹത്തിന്‍റെ മകന്‍ കെടി രാമ റാവുവിനെതിരെയും ബണ്ടി നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്താറുണ്ട്.
ബിജെപി നേതാവിന്‍റെ അറസ്‌റ്റ് പ്രവര്‍ത്തകരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഭീതിമൂലമാണ് ബിആര്‍എസ് സര്‍ക്കാരിന്‍റെ ഇത്തരം നടപടികളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ക്കാതിരിക്കാനാണ് അറസ്‌റ്റ് ചെയ്‌തതെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രവര്‍ത്തകര്‍ ബിആര്‍എസിനെതിരെ ആഞ്ഞടിച്ചത്.
'ബിആര്‍എസ് സര്‍ക്കാരിന്‍റെ തെറ്റായ ചെയ്‌തികളെ ചോദ്യം ചെയ്‌തുവെന്നത് മാത്രമാണ് അദ്ദേഹം ചെയ്‌ത തെറ്റ്. അദ്ദേഹത്തെ തടവിലാക്കിയാലും ചോദ്യം ചെയ്യുന്നത് അദ്ദേഹം തുടരുക തന്നെ ചെയ്യും. ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ്, ജയ് തെലങ്കാന'- ബിജെപി പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്‌തു.
അറസ്‌റ്റ് ചെയ്യുന്ന സമയം, തനിക്ക് ചുറ്റും കൂടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യം ബിജെപി അധ്യക്ഷന്‍ പങ്കുവച്ചിരുന്നു. കാരണമില്ലാതെ തന്നെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ അറസ്‌റ്റ് ചെയ്യുന്നതിന് പിന്നിലുള്ള യുക്തി എന്താണെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ബണ്ടി സഞ്ജയ്‌യെ അറസ്‌റ്റ് ചെയ്‌ത് കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഡല്‍ഹി മദ്യ നയക്കേസില്‍ കെ കവിതയെ മാര്‍ച്ച് 20നായിരുന്നു ഇഡി അവസാനമായി ചോദ്യം ചെയ്‌തത്. ബിജെപി വിരുദ്ധ കക്ഷികളെ അണിനിരത്താന്‍ കെസിആര്‍, ടിആര്‍എസിനെ ദേശീയ പാര്‍ട്ടിയാക്കിയത് മുതല്‍ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയും അവരും തമ്മിലുള്ള പോര് മുറുകിയിരിക്കുകയാണ്.