ഹൈദരാബാദ്: ടിആർഎസ് (ബിആർഎസ്) എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്ന് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഡൽഹി സ്വദേശിയായ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, ഹൈദരാബാദ് സ്വദേശിയായ നന്ദകുമാർ, തിരുപ്പതി സ്വദേശിയായ സിംഹയാജി സ്വാമി എന്നിവർക്കെതിരെയാണ് കേസ്.
അച്ചംപേട്ട് മണ്ഡലത്തിലെ ഗുവ്വാല ബാലരാജ്, തണ്ടൂർ എംഎൽഎ രോഹിത് റെഡ്ഡി, കൊല്ലാപ്പൂർ എംഎൽഎ ഹർഷവർധൻ റെഡ്ഡി, പിണപാക എംഎൽഎ റേഗ കാന്ത റാവു എന്നീ നാല് എംഎൽഎമാർ ബിജെപിയിൽ ചേരണമെന്നും ഇതിനായി 100 കോടി രൂപയും മറ്റ് ആനുകൂല്യങ്ങള്‍ സംബന്ധിക്കുന്ന വ്യവസ്ഥകളുമായിരുന്നു ബിജെപിയുടെ വാഗ്‌ദാനം.
തുടർന്ന്, ഇന്നലെ (26/10/2022) ബിജെപി നേതാക്കൾ ടിആർഎസ് നേതാവിനെ ബന്ധപ്പെടുകയും ബിജെപിയിലേക്ക് ചേരുന്നത് സംബന്ധിച്ച് ചർച്ച നടത്താനായി മൊയ്‌നാബാദിലെ അസീസ് നഗറിലുള്ള നേതാവിന്‍റെ ഫാം ഹൗസിലേക്ക് ഉച്ചയ്‌ക്ക് ശേഷം വരുമെന്ന് അറിയിക്കുകയും ചെയ്‌തു. മറ്റ് ചില ടിആർഎസ് എംഎൽഎമാരെ കൂടി ഫാം ഹൗസിൽ ഇതിനായി അണിനിരത്തണമെന്നും ഇവർക്കും കൈക്കൂലി നൽകാമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ടിആർഎസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള തെലങ്കാന ഗവൺമെന്‍റിനെ അസ്ഥിരപ്പെടുത്തുന്നതിനായി തുകകൾ സ്വീകരിക്കാനും അവരുടെ പൊതു ചുമതലകൾ അനുചിതമായും സത്യസന്ധതയില്ലാതെയും നിർവഹിക്കാനും ബിജെപി നേതാക്കൾ എംഎൽഎമാരെ പ്രേരിപ്പിച്ചു. തുടർന്നാണ് ടിആർഎസ് എംഎൽഎ പൊലീസിൽ പരാതി നൽകിയത്.
വാഗ്‌ദാനങ്ങൾ: ടിആർഎസിൽ നിന്ന് ബിജെപിയലേക്ക് ചേർന്നാൽ 100 കോടി രൂപ, കേന്ദ്ര സർക്കാരിന്‍റെ സിവിൽ കരാർ ജോലികളും മറ്റ് ഉയർന്ന ജോലികളും ബിജെപിയിൽ നിന്ന് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം നൽകും എന്നിവയായിരുന്നു വാഗ്‌ദാനങ്ങൾ.
ബിജെപിയിൽ ചേരാൻ വിസമ്മതിച്ചാൽ: ബിജെപിയിൽ ചേർന്നില്ലെങ്കിൽ ക്രിമിനൽ കേസുകളും ഇഡി സിബിഐ റെയ്‌ഡുകളും ഉണ്ടാകുമെന്നും ടിആർഎസ് പാർട്ടി നേതൃത്വത്തിലുള്ള തെലങ്കാന സർക്കാരിനെ അട്ടിമറിക്കുമെന്നും ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തി.
ഒരു രാഷ്‌ട്രീയ പാർട്ടി മറ്റൊരു പാർട്ടി നേതാവിനെ കോഴ കൊടുത്ത് പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നത് അധാർമികവും ജനാധിപത്യ വിരുദ്ധവും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ടിആർഎസ് എംഎൽഎ പൊലീസിൽ പരാതി നൽകിയത്. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ടിആർഎസ് നേതാക്കളുടെ ആവശ്യം. എസിപി രാജേന്ദ്രൻഗറിനാണ് അന്വേഷണ ചുമതല.
സംഭവത്തോട് പ്രതികരിച്ച് ടിആർഎസ് എംഎൽഎ ബൽക്ക സുമൻ: ടിആർഎസ് (ബിആർഎസ്) എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി എംഎൽഎ ബൽക്ക സുമൻ രംഗത്തെത്തിയിരുന്നു. പണമെറിഞ്ഞാല്‍ കിട്ടുന്നതല്ല തെലങ്കാന സമൂഹമെന്ന് ബിജെപി തിരിച്ചറിയണം. കർണാടകയിലും മഹാരാഷ്‌ട്രയിലും ഡൽഹിയിലും നടത്തിയ ഗൂഢാലോചനകളുടെ തുടര്‍ച്ചയാണ് തെലങ്കാനയിലും ബിജെപി പയറ്റുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെലങ്കാനയിലെ പാര്‍ട്ടി നേതാക്കള്‍ കെഎസിആറിന്‍റെ നേതൃത്വത്തിൽ മത്സരിക്കും. ടിആർഎസ് എംഎൽഎമാർ ഒരിക്കലും രാജഗോപാൽ റെഡ്ഡിയെ പോലെ ചെയ്യില്ല. ടിആർഎസിനെ ദുർബലപ്പെടുത്താൻ ബിജെപി വൻ ഗൂഢാലോചന നടത്തുകയാണ്. ഇത് ജനം മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിൽ നിന്ന് ബിജെപിയെ പുറത്താക്കണം. കെസിആർ കേന്ദ്ര രാഷ്ട്രീയത്തിൽ ശക്തി പ്രാപിക്കുമെന്നും മോദിയെ താഴെയിറക്കുമെന്നും ബൽക്ക സുമൻ അവകാശപ്പെട്ടു.