കലബുറഗി (കര്‍ണാടക): കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക കത്തിച്ച് മുതിര്‍ന്ന ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. ബജ്‌റംഗ്‌ദള്‍ എന്ന സംഘടനയെ നിരോധിക്കുമെന്നുള്ള കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് കർണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ഈശ്വരപ്പയുടെ നടപടി. ദേശവിരുദ്ധ പ്രകടന പത്രികയുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഈശ്വരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന പിഎഫ്‌ഐ അനുകൂലികളായ കോൺഗ്രസ് ദേശീയവാദിയായ ബജ്‌റംഗ്‌ദളിനെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിൽ തികഞ്ഞ അതൃപ്‌തിയുണ്ടെന്ന് പ്രതികരിച്ചായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് ഈശ്വരപ്പ കോണ്‍ഗ്രസ് പ്രകടന പത്രിക കത്തിച്ചത്. പിന്നാലെ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക മുഹമ്മദ് അലി ജിന്നയുടെ പ്രകടന പത്രികയാണെന്ന് പറഞ്ഞ അദ്ദേഹം ഉടന്‍ പത്രിക പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
'കോൺഗ്രസ് പാർട്ടിയിലും ദേശീയവാദികൾ ഉണ്ട്. എന്നിരുന്നാലും, അടുത്തിടെ കോൺഗ്രസ് പാർട്ടി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാർ തുടങ്ങിയ ജാതിവാദികളുടെ കൈകളിൽ പെട്ടു പോയി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഹിന്ദു, മുസ്‌ലിം തെരഞ്ഞെടുപ്പ് പോലെയാണ്' -ഈശ്വരപ്പ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂറ് വ്യക്തമാക്കാനായി ഹിന്ദുക്കളുടെയും രാജ്യദ്രോഹികളായ മുസ്‌ലിംകളുടെയും വോട്ട് വേണ്ടെന്ന് വയ്‌ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം രാജ്യ സ്‌നേഹികളായ മുസ്‌ലിങ്ങളുടെ വോട്ട് തങ്ങള്‍ക്ക് വേണമെന്നും ഈശ്വരപ്പ പറഞ്ഞു.
'കോണ്‍ഗ്രസ് എന്ന വഞ്ചക പാര്‍ട്ടി': പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയില്‍ നിരോധിച്ച സംഘടനയാണെന്ന് കോണ്‍ഗ്രസിന് അറിയില്ലെന്നും പിഎഫ്ഐ നേതാക്കൾക്കെതിരായ 173 കേസുകൾ കോൺഗ്രസ് സർക്കാർ പിൻവലിച്ചെന്നും മുന്‍ ഉപമുഖ്യമന്ത്രിയായിരുന്നു ഈശ്വരപ്പ ആരോപിച്ചു.
'രാജ്യദ്രോഹ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന കോൺഗ്രസ് പാർട്ടിക്ക് 'ഭരണഘടന പവിത്രമാണ്' എന്ന് പറയാൻ അവകാശമില്ല. രാജ്യദ്രോഹക്കുറ്റം ചൂണ്ടിക്കാട്ടി ബിജെപി സർക്കാർ പിഎഫ്ഐയെ നിരോധിച്ചു. മറുവശത്ത്, തന്‍റെ ശക്തി നഷ്‌ടപ്പെട്ടപ്പോള്‍ ആഞ്ജനേയന്‍റെ വാലിൽ രാവണൻ തീകൊളുത്തിയതുപോലെ ബജ്‌റംഗ്‌ദളിനെ നിരോധിക്കുമെന്ന് പറയുന്ന കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനം നേടാനുള്ള വോട്ട് പോലും ലഭിക്കില്ല' -ഈശ്വരപ്പ ആഞ്ഞടിച്ചു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഈശ്വരപ്പ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. 'എഐസിസി അധ്യക്ഷനായതോടെ ഖാര്‍ഗെ സോണിയ ഗാന്ധിയുടെ പാവയായി മാറിയിരിക്കുന്നു. സോണിയ ഗാന്ധി പറയുന്നതുപോലെയാണ് ഗാര്‍ഗെ പ്രവര്‍ത്തിക്കുന്നത്. സോണിയയുടെ വാക്ക് കേട്ട് ഖാര്‍ഗെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നു' -ഈശ്വരപ്പ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എന്തും പറയാമെന്ന് ഖാര്‍ഗെ ചിന്തിക്കുന്നുണ്ടെന്നും താന്‍ വലിയവനാണെന്ന് ഖാര്‍ഗെ കരുതരുത് എന്നും ഈശ്വരപ്പ താക്കീത് ചെയ്‌തു.
പത്രിക കത്തിച്ചതില്‍ പ്രതികരിച്ച് ഖാര്‍ഗെ: താത്‌പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രകടന പത്രിക കത്തിക്കുന്നത് തെറ്റാണ് എന്നായിരുന്നു കലബുറഗിയില്‍ സംസാരിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. 'ഞങ്ങളുടെ പാർട്ടി ജനങ്ങൾക്ക് നൽകിയ ഉറപ്പ് കത്തിച്ചിരിക്കുകയാണ് ഈശ്വരപ്പ. ഇതിലൂടെ ഈശ്വരപ്പ ജനങ്ങളെ അപമാനിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ അപമാനിച്ചിരിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. ജനാധിപത്യത്തിൽ സഹിഷ്‌ണുത നിലനിൽക്കണം' -ഖാര്‍ഗെ പറഞ്ഞു.