ഷാജഹാൻപൂര്‍: ബ്രിട്ടീഷ് ഭരണകൂടത്തിന്‍റേതിനേക്കാള്‍ വലിയ ക്രൂരതയാണ് ബിജെപി സര്‍ക്കാര്‍ രാജ്യത്തോട് ചെയ്യുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സുനസീർനാഥ് ഗുരുദ്വാരയില്‍ സമാജ്‌വാദി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുന്ന ക്രൂര നയങ്ങളാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ബിജെപിയുടെ രീതികള്‍ ജനാധിപത്യത്തിന് ചേരുന്നതല്ല. രാജ്യത്തെ ജനാധിപത്യത്തെ ബിജെപി ചവിട്ടിമെതിക്കുകയാണ്. ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കഴിഞ്ഞ ദിവസം ലഖിംപുരില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഖിംപൂർ ഖേരിയില്‍ കാര്‍ കയറ്റിക്കൊന്ന് നാല് കർഷകരുടെ കുടുംബങ്ങൾക്കും പ്രതികൾ രണ്ട് കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം. പ്രതികളെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യാദവ് ആവശ്യപ്പെട്ടു. യുപിയിലെ ക്രമസമാധാന നില തകര്‍ക്കപ്പെട്ടിരിക്കുന്നു.
Also Read: രാഹുലും പ്രിയങ്കയും ലഖിംപുരിലേക്ക് ; 'രാജ്യത്ത് ജനാധിപത്യമല്ല, സ്വേച്ഛാധിപത്യം'
ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ ആറ് ഉദ്യോഗസ്ഥര്‍ ഒളിവിലാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന മൂന്ന് നിയമങ്ങളും കര്‍ഷകര്‍ക്ക് ഉപകാരം ചെയ്യുന്നതല്ല. യുപി ഭരിക്കുന്നത് 'യോഗി' അല്ല. ഒരാള്‍ യോഗിയാണെങ്കില്‍ അയാള്‍ക്ക് മറ്റുള്ളവരുടെ ദുഖങ്ങള്‍ മനസിലാക്കാനാകും. യഥാര്‍ത്ഥ യോഗി ആരെന്ന് ഗീതയും ഗുരുഗ്രന്ഥ സാഹിബും വായിച്ചവര്‍ക്ക് അറിയാമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ സമരത്തിന് എല്ലാവിധ പിന്‍തുണയും നല്‍കുന്നു. സമരം ചെയ്യുന്ന കര്‍ഷകരെ ഭീകരര്‍ ആക്കുന്ന നിലപാടിനോട് യോജിക്കാനാകില്ല. കര്‍ഷകര്‍ ഭീകരരാണെങ്കില്‍ അവര്‍ കൃഷിചെയ്യുന്നത് ബിജെപിക്കാര്‍ ഭക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.