ന്യൂഡല്‍ഹി : ബിജെപിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മോദി പാക്കിസ്ഥാനില്‍ പോയി കേക്ക് കഴിക്കുന്നത് ഞങ്ങള്‍ കണ്ടു. അങ്ങനെയെങ്കില്‍ ബിജെപിയെ ഹിസ്ബുള്‍ ജനത പാര്‍ട്ടി എന്നാണോ വിളിക്കേണ്ടതെന്ന് ഉദ്ധവ് ചോദിച്ചു.
ബിജെപി ഏകാധിപത്യം തുടര്‍ന്നപ്പോഴാണ് ബന്ധം ഉപേക്ഷിച്ചത്. താന്‍ അയോധ്യയില്‍ പോയിരുന്നു. പാര്‍ട്ടി ബിജെപിയെയാണ് വിട്ടത്. ഹിന്ദുത്വത്തെ വിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി രാഷ്ട്രീയത്തിന് വേണ്ടിയാണ് ഹിന്ദുത്വത്തെ ഉപയോഗിക്കുന്നത്.
എന്നാല്‍ തങ്ങള്‍ ഹിന്ദുത്വത്തിന് വേണ്ടിയാണ് രാഷ്ട്രീയത്തെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ തിന്മകളെ തിരിച്ചറിയണം. ഉത്തര്‍ പ്രദേശില്‍ മിന്നുന്ന ജയം നേടിയെന്നത് സത്യമല്ല. ബിജെപി വിരുദ്ധതയുണ്ടെങ്കിലും പാര്‍ട്ടി എ.ഐ.എം.ഐ.എമ്മിനൊപ്പം ചേരില്ല.
ശിവസേനയെ മുസ്ലിം അനുകൂല സംഘടനയായി പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് സത്യമല്ല, അതേസമയം ആര്‍എസ്എസ് സര്‍സംഘ് ചാലക് ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കായി ഒരു വിഭാഗം രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 22 മുതല്‍ 25 വരെ സംസ്ഥാനത്ത് ശിവ സമ്പര്‍ക്ക് അഭിയാന്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഈസ്റ്റ് വിദര്‍ഭയിലും വെസ്റ്റ് വിദര്‍ഭയിലും 19 ജില്ലകളില്‍ ആകും ആദ്യ ഘട്ടത്തില്‍ പരിപാടി.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തങ്ങളുടെ മന്ത്രിമാര്‍ക്കും ജില്ല നേതാക്കള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ ബിജെപിയുടെ നയങ്ങള്‍ തെറ്റാണ്. നിലവില്‍ ചില കേന്ദ്രങ്ങളില്‍ ബിജെപിക്ക് ശക്തിയുണ്ട്. ഇവിടങ്ങളില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി കടുത്ത പേരാട്ടം സംഘടിപ്പിക്കും. വീടുകളില്‍ നിന്നും വീടുകളിലേക്ക് എന്ന രീതിയില്‍ ശിവ സമ്പര്‍ക്ക പരിപാടി നടത്തും.
Also Read: ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ്; ആൻഡമാന്‍റെ ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റും
ശിവസേന ജയിച്ച സ്ഥലങ്ങളില്‍ എം.എല്‍.എമാര്‍ക്കെതിരെ അവര്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.