കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ പാർട്ടി പ്രവർത്തകരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി ബംഗാള്‍ ഘടകം.
താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി ബൂത്ത് തലത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് തീരുമാനം.
പ്രത്യേക വര്‍ക്ക്ഷോപ്പുകള്‍
പാര്‍ട്ടിയിലെ മുതിർന്ന നേതാക്കൾ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കുമെന്നും അതിനായി ജൂലൈ മുതൽ എല്ലാ ജില്ലയിലെയും പ്രവര്‍ത്തകര്‍ക്കായി പ്രത്യേക വർക്‌ഷോപ്പുകൾ നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവർ പാർട്ടി പ്രവർത്തകർക്കായി വെർച്വൽ സന്ദേശങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
Read more: ബംഗാൾ തെരഞ്ഞെടുപ്പ് ആക്രമണം : അന്വേഷണത്തിന് പ്രത്യേക സമിതി
കൊൽക്കത്തയിലെ ബിജെപിയുടെ ഓഫിസിലും പാർട്ടിയുടെ എല്ലാ ജില്ല ഓഫിസുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. നിയമ സഹായത്തിനായി പാർട്ടി നേതാവും അഭിഭാഷകയുമായ പ്രിയങ്ക ടിബ്രുവലിന്‍റെ നേതൃത്വത്തിൽ ഒരു പ്രത്യേക അഭിഭാഷക സംഘവും രൂപീകരിച്ചു.
കൂറുമാറ്റം തടയല്‍ ലക്ഷ്യം
നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് തൃണമൂൽ കോൺഗ്രസില്‍ ചേര്‍ന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ധിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
വോട്ടെടുപ്പിന് ശേഷമുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങൾക്ക് ഒറ്റത്തവണ ധനസഹായമായി 5,00,000 രൂപ നൽകാനും പാര്‍ട്ടി തീരുമാനിച്ചു. ബിജെപിയിലെ മുഴുവൻ സമയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 6,000 രൂപ നിലവില്‍ പാര്‍ട്ടി നല്‍കുന്നുണ്ട്.