ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മെയ് അഞ്ചിന് രാജ്യവ്യാപകമായി ധര്‍ണ നടത്താന്‍ ആഹ്വാനം ചെയ്‌ത് ബിജെപി. ഇന്ന് പ്രാദേശിക തലത്തില്‍ പ്രതിധേഷ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചതായി ബിജെപി അറിയിച്ചു. ഇതിന്‍റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് ബംഗാളില്‍ എത്തും. പരിക്കേറ്റവരുടേയും മരിച്ചവരുടേയും വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. രണ്ട് ദിവസമാണ് സന്ദര്‍ശനം.
തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനിടെ ഒന്‍പത് ബിജെപി പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത് രക്തവും സംഘര്‍ഷവും കൊണ്ടാണെന്ന് ബിജെപി പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആരോപിച്ചു.
ഹൗറയിലേയും ഭട്‌പരയിലേയും ബിജെപി ഓഫിസുകള്‍ തകര്‍ത്തു. ഓഫിസില്‍ നിന്നും പല സാധനങ്ങളും മോഷണം പോയതായും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌നര്‍ഗിയ പറഞ്ഞു. എന്നാല്‍ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ് സംഘര്‍ഷത്തിന് പിന്നിലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റുകളും ബിജെപി 77 സീറ്റുകളുമാണ് നേടിയത്.