ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തയ്യാറാകണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. ഭാരത് ജോഡോ യാത്രയ്‌ക്കിടെ ജയ്‌പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തവാങ്ങിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെ തുടർന്നാണ് ബിജെപിയുടെ പ്രതികരണം.
'ചൈന ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ആ ഭീഷണിയെ അവഗണിക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം. നിലവിലെ സാഹചര്യം മനസിലാക്കാന്‍ തയ്യാറല്ലാതെ അവര്‍ ഉറങ്ങുകയാണ്' എന്നായിരുന്നു വെള്ളിയാഴ്‌ച ജയ്‌പൂരില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്‍റെ നിയന്ത്രണം ഖാര്‍ഗെയുടെ കൈകളില്‍ ആണെങ്കില്‍, പ്രതിപക്ഷ പാര്‍ട്ടി രാജ്യത്തിനൊപ്പമാണ് നില്‍ക്കുന്നതുമെങ്കില്‍ ഇന്ത്യയെ ഇകഴ്‌ത്തുകയും സൈനികരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിയെ പുറത്താക്കുകയാണ് വേണ്ടതെന്ന് ഗൗരവ് ഭാട്ടിയ വ്യക്തമാക്കി. ഇന്ന് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
രാഹുല്‍ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നിലപാടും അത് തന്നെയാണ് എന്നാണ് അര്‍ഥം. ഒരു രാഷ്‌ട്രീയ പാര്‍ട്ടി എന്നതില്‍ നിന്ന് മാറി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘമായി കോണ്‍ഗ്രസ് മാറിയെന്നും ഗൗരവ് ഭാട്ടിയ ആരോപിച്ചു.