ബെംഗളൂരു : 1992ലെ ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ടുണ്ടായ ഹുബ്ബള്ളി കലാപത്തിൽ കുറ്റാരോപിതനായ കർസേവകനെ അറസ്റ്റ് ചെയതതിൽ കോൺഗ്രസ് സർക്കാരും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവ് മുറുകുന്നു (BJP accused Karnataka government in Kar sevak arrest in Babri Masjid demolition case). ശ്രീകാന്ത് പൂജാരിയുടെ അറസ്റ്റിനെ ബിജെപി നേതാക്കൾ അപലപിച്ചിരുന്നു. എന്നാൽ തെറ്റ് ചെയ്‌തവരെ ശിക്ഷയിൽ നിന്നും ഒഴിവാക്കാനാകില്ലെന്ന് കോൺഗ്രസ് പറഞ്ഞു.
1992ലെ ബാബറി മസ്‌ജിദ് തകർത്തതിന് ശേഷമുള്ള കലാപവുമായി ബന്ധപ്പെട്ട് പൂജാരിയെ അറസ്റ്റ് ചെയ്‌തത് കർണാടകയിലെ കോൺഗ്രസ് (Congress) സർക്കാറിന്‍റെ പകപോക്കൽ രാഷ്ട്രീയമാണെന്നാണ് ബിജെപി (BJP) ആരോപിച്ചത്. എന്നാൽ അറസ്റ്റ് പ്രതികാരമായിട്ടല്ലെന്നും പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും സർക്കാർ വിശദീകരിച്ചു.
കേന്ദ്രമന്ത്രി പ്രലാദ് ജോഷിയുടെ പ്രതികരണം : അറസ്റ്റുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിലുള്ള പോര് തുടരുകയാണ്. വിഷയത്തിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഇടപെട്ടിരുന്നു. 'ഒരു വിഷയത്തിൽ എതിർപ്പ് വരുമ്പോൾ ആളുകൾ പഴയ കേസുകൾ കുത്തിപ്പൊക്കി ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. ഇത് വിദ്വേഷം കൊണ്ട് ചെയ്യുന്നതാണ്. ഹുബ്ബള്ളി വിഷയത്തിൽ ഞങ്ങൾ നിയമപരവും രാഷ്ട്രീയപരവും സാമൂഹികവുമായ പോരാട്ടങ്ങൾ നടത്തുകയാണ്' -ജോഷി പറഞ്ഞതിങ്ങനെ.
ആരോപണങ്ങളെ നിഷേധിച്ച് സിദ്ധരാമയ്യ : എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ (Karnataka CM Siddaramaiah) നിഷേധിച്ചു. 'കോൺഗ്രസ് ഒരു വിദ്വേഷ രാഷ്ട്രീയത്തിലും ഏർപ്പെടുകയില്ല. ഞങ്ങൾ നിയമപരമായി പോവുകയാണ്. നിരപരാധിയെ ഞങ്ങൾ അറസ്റ്റ് ചെയ്‌തിട്ടില്ല. തെറ്റ് ചെയ്‌തവരെ വെറുതെ വിടണോ? കോടതി കുറ്റവിമുക്തനാക്കിയില്ലെങ്കിൽ കുറ്റവാളി എപ്പോഴും കുറ്റവാളിയാണ്' - സിദ്ധരാമയ്യ പറഞ്ഞു.
കേന്ദ്രമന്ത്രി നിയമപരമായല്ല, രാഷ്ട്രീയപരമായാണ് സംസാരിക്കുന്നതെന്നും, ഒരു കുറ്റവാളിയെ കോടതി കുറ്റവിമുക്തനാക്കാത്തിടത്തോളം കുറ്റവാളിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പ്രഹ്ലാദ് ജോഷിയുടെ നിയമത്തെക്കുറിച്ചുള്ള അജ്ഞതയെയും അദ്ദേഹം വിമർശിച്ചു. പഴയ കേസുകൾ തീർപ്പാക്കാൻ ആഭ്യന്തരമന്ത്രി ജി പരമേശ്വര പൊലീസ് ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിർദേശം മാത്രമാണ് പൊലീസുകാർ അനുസരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
30 വർഷങ്ങൾക്ക് ശേഷമാണ് ഹുബ്ബള്ളി കലാപത്തിൽ പ്രതിയായ പൂജാരിയെ അറസ്റ്റ് ചെയ്‌തത്. കലാപം നടക്കുമ്പോൾ പ്രതിയ്‌ക്ക് 20 വയസായിരുന്നു പ്രായം. ദീർഘ കാലമായി ഒത്തുതീർപ്പാവാതെയിരുന്ന കേസായിരുന്നു ഇത്.
Also read: ബാബറി മസ്‌ജിദ് തകര്‍ത്തിട്ട് 31 വര്‍ഷം, അയോധ്യയില്‍ കനത്ത സുരക്ഷ