ഹരിദ്വാര്‍: സുഹൃത്തിന്‍റെ വിവാഹാഘോഷ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിന് മാനനഷ്‌ടത്തിന് നോട്ടിസ് നല്‍കി 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. മുന്‍ നിശ്ചയിച്ചിരുന്നതിനേക്കാള്‍ നേരത്തെ വിവാഹ സംഘം യാത്ര പുറപ്പെട്ടതാണ് പരാതിക്കാരനായ ചന്ദ്രശേഖറിനെ പ്രകോപിപ്പിച്ചത്.
ഹരിദ്വാറിലെ ആരാധ്യ കോളനിയില്‍ താമസിക്കുന്ന രവിയുടെ വിവാഹ ചടങ്ങിനിടെയാണ് വിചിത്ര സംഭവം. ജൂണ്‍ 23-നാണ് കല്ല്യാണം നിശ്ചയിച്ചിരുന്നത്. തന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അതിഥികളെ ക്ഷണിക്കാന്‍ രവി സുഹൃത്തായ ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ താന്‍ ക്ഷണിച്ച അതിഥികളുമായി യാത്ര തീരുമാനിച്ചതിനേക്കാള്‍ പത്ത് മിനുട്ട് മുന്‍പ് തന്നെ ചന്ദ്രശേഖര്‍ വിവാഹ സ്ഥലത്ത് എത്തി. അവിടെ എത്തിയപ്പോഴാണ് വിവാഹസംഘം നേരത്തെ തന്നെ പുറപ്പെട്ട വിവരം ചന്ദ്രശേഖര്‍ അറിയുന്നത്. തുടര്‍ന്ന് തന്നോടൊപ്പം എത്തിയ അതിഥികളോട് ചന്ദ്രശേഖര്‍ തിരികെ വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് പ്രകോപിതരായ അതിഥികള്‍ ചന്ദ്രശേഖറിനെ അപമാനിക്കുകയാണുണ്ടായത്. ഇതില്‍ മനം നൊന്താണ് ചന്ദ്രശേഖര്‍ രവിക്കെതിരെ മാനനഷ്‌ടത്തിന് നോട്ടിസ് സമര്‍പ്പിച്ചത്. സംഭവത്തില്‍ ചന്ദ്രശേഖറിന് രേഖാമൂലം ക്ഷമാപണം നടത്താൻ മൂന്ന് ദിവസത്തെ സമയം രവിക്ക് നൽകിയിട്ടുണ്ടെന്ന് ചന്ദ്രശേഖറിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.
നടപടിയുണ്ടായില്ലെങ്കില്‍ രേഖാമൂലമുള്ള ക്ഷമാപണത്തിനും നഷ്‌ടപരിഹാരത്തിനുമായി ഹരിദ്വാർ ഹൈക്കോടതിയിലും സിവിൽ കോടതിയിലും കേസ് ഫയൽ ചെയ്യുമെന്നും അഭിഭാഷകന്‍ അരൂപ് ഭദോരിയ ഇടിവി ഭാരതിനോട് പറഞ്ഞു.