ഛാപ്ര: ബിഹാറിലെ ഛാപ്ര ജില്ലയിലെ സദര്‍ എന്ന ആശുപത്രിയില്‍ 60 വയസ് പ്രായമായ ആളില്‍ നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ ഗര്‍ഭപാത്രം കണ്ടെത്തി എന്ന് ആദ്യ പരിശോധന ഫലം. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തില്‍ വീണ്ടും പരിശോന നടത്തേണ്ടി വന്നു. അള്‍ട്രാസൗണ്ട് പരിശോധന നടത്തുന്നതില്‍ സംഭവിച്ച പിഴവാണ് ആദ്യ റിപ്പോര്‍ട്ടെന്ന് രണ്ടാമത്തെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
ബധേ മിയാന്‍ എന്നയാള്‍ക്കാണ് ഇത്തരത്തിലുള്ള ആശങ്കപൂര്‍ണമായ സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വന്നത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഛപ്ര സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. തുടര്‍ന്നാണ് രോഗകാരണം വ്യക്തമായി കണ്ടെത്തുന്നതിന് വേണ്ടി ഡോക്‌ടര്‍മാര്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ അള്‍ട്രാസൗണ്ട് പരിശോധന ഫലം ലഭിച്ചപ്പോള്‍ ഡോക്‌ടര്‍മാരും കുടുംബാംഗങ്ങളും സ്‌തബ്‌ദരായി. തുടര്‍ന്ന് വീണ്ടും അള്‍ട്രാസൗണ്ട് പരിശോധന നടത്താന്‍ ഡോക്‌ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാമത്തെ പരിശോധനയില്‍ ഗര്‍ഭപാത്രം കണ്ടെത്തിയില്ല. ഗര്‍ഭപാത്രം കണ്ടെത്തി എന്നുള്ള ആദ്യത്തെ റിപ്പോര്‍ട്ട് മാനുഷിക പിഴവിനെതുടര്‍ന്നാണ് സംഭവിച്ചത് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ലബോറട്ടറിയിലെ ടെക്‌നീഷ്യന്‍മാരുടെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായത് എന്ന് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടര്‍ ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു. പുരുഷന്‍ മാരില്‍ ഗര്‍ഭപാത്രം കണ്ടെത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2014ല്‍ കശ്‌മീരില്‍ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ ബാധിച്ച 70 വയസുള്ള ആളില്‍ ഗര്‍ഭാശയം കണ്ടെത്തി എന്ന് ലോകത്തിലെ ആദ്യത്തെ സ്‌ത്രീ പ്രത്യുല്‍പ്പാദന സംവിധാനത്തെ കുറിച്ചുള്ള മ്യൂസിയമായ വജൈന മ്യൂസിയം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ലോകത്തിലെ മറ്റ് പല രാജ്യങ്ങളില്‍ നിന്നുമുള്ള ഇത്തരത്തിലുള്ള കണ്ടെത്തലുകളും വജൈന മ്യൂസിയം രേഖപ്പെടുത്തിയിട്ടുണ്ട്.