ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരന്മാർ പുള്ളിപ്പുലിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. മോട്ടോർ ബൈക്കിൽ യാത്ര ചെയ്‌ത സഹോദരന്മാരെ പുള്ളിപ്പുലി പിന്തുടർന്നപ്പോൾ രക്ഷപ്പെട്ടത് ഒരു കിലോയോളം തൂക്കമുള്ള പിറന്നാൾ കേക്ക് പുള്ളിപ്പുലിയുടെ മുഖത്തേക്ക് എറിഞ്ഞ്. ബുർഹാൻപൂരിലാണ് സംഭവം.
മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശികളായ ഫിറോസ്, സബീർ മൻസുരി എന്നിവരാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഫിറോസിന്‍റെ മകന്‍റെ പിറന്നാൾ ആഘോഷത്തിനായി മോട്ടോർ ബൈക്കിൽ പോകുമ്പോഴാണ് കരിമ്പിൻ തോട്ടത്തിൽ നിന്ന് പുറത്തു ചാടിയ പുള്ളിപ്പുലി ഇവരെ പിന്തുടർന്നത്. തുടർന്ന് ജീവൻ രക്ഷാർഥം കൈയ്യിലുണ്ടായ കേക്ക് പുലിയുടെ മുഖത്തേക്ക് എറിയുകയായിരുന്നു. 500 മീറ്ററോളം പുള്ളിപ്പുലി ഇരുവരെയും പിന്തുടർന്നിരുന്നുവെന്നും യുവാക്കൾ പറഞ്ഞു.
2014-18 കാലയളവിൽ രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണം 60 ശതമാനത്തോളം വർധിച്ചുവെന്നാണ് സർക്കാർ കണക്കുകൾ. 13,000ഓളം പുള്ളിപ്പുലികൾ നിലവിലുണ്ടെന്ന് കണക്കുകൾ സ്ഥിരീകരിക്കുന്നു. ഇതിൽ കൂടുതൽ പുള്ളിപ്പുലികൾ ഉള്ളത് മധ്യ പ്രദേശിലാണ്.
ALSO READ: ഷിംലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്