ഊട്ടി: കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (63) കൊല്ലപ്പെട്ടു. ഊട്ടിക്ക് സമീപപ്രദേശമായ കുനൂരില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു (08 ഡിസംബര്‍ 2021) സംഭവം. കനത്ത മഞ്ഞ് വീഴ്‌ചയില്‍ ഹെലികോപ്റ്റര്‍ തകർന്നുവീഴുകയായിരുന്നു.
ഹെലികോപ്റ്ററില്‍ ആകെയുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫിസ് ജീവനക്കാര്‍, സുരക്ഷാഭടൻമാര്‍ എന്നിവര്‍ അടക്കമാണ് ആകെ 13 പേർ. ക്യാപ്റ്റൻ വരുണ്‍സിങ്ങിനെ ഗുരുതര പരിക്കുകളോടെ വെല്ലിങ്ങടണിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യോമസേനയുടെ എം.ഐ സീരീസ് ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. സ്ഥലത്ത് തെരച്ചില്‍ തുടരുന്നു.