ന്യൂഡല്‍ഹി: ഗുജറാത്ത് കലാപങ്ങള്‍ക്കിടെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 11 പേരെ കാലാവധി തീരുന്നതിന് മുമ്പ് വിട്ടയക്കുന്നത് ചോദ്യം ചെയ്‌ത് ബില്‍കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. 11 കുറ്റവാളികളെ വിട്ടയയ്‌ക്കുന്നതിന് 1992 ലെ റെമ്മിഷന്‍ നിയമങ്ങള്‍ പ്രയോഗിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച മേയിലെ സുപ്രീം കോടതി വിധിക്കെതിരെയാണ് ബില്‍കിസ് ബാനു ഇന്ന് പുനഃപരിശോധന ഹര്‍ജി നല്‍കിയത്. ഈ വിഷയം ലിസ്‌റ്റിങില്‍ ഉള്‍പ്പെടുത്തണമെന്ന് ബില്‍കിസിന്‍റെ അഭിഭാഷകന്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ എല്ലാ ഹര്‍ജികളും ഒരുമിച്ച് കേള്‍ക്കുന്നതും ഒരേ ബെഞ്ച് തന്നെ പരിഗണിക്കുന്നതിനെക്കുറിച്ചും പരിശോധിക്കാമെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. അതേസമയം കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ ഈ വര്‍ഷം ഓഗസ്‌റ്റ് 15 നാണ് വെറുതെ വിട്ടത്. 2008ല്‍ ഇവരുടെ വിചാരണവേളയില്‍ ഗുജറാത്തിലുണ്ടായിരുന്ന റെമ്മിഷന്‍ നിയമങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ 11 പേരെയും വെറുതെ വിട്ടത്.
2002 ഫെബ്രുവരി 27 ല്‍ സബര്‍മതി എക്‌സ്‌പ്രസിന് കലാപകാരികള്‍ തീവച്ചതിനെ തുടര്‍ന്ന് 59 പേര്‍ കൊല്ലപ്പെട്ട ഗോധ്‌ര സംഭവത്തിന് പിന്നാലെ മാര്‍ച്ചിലാണ് ബില്‍കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുന്നതും അവരുടെ മൂന്ന് വയസ് മാത്രം പ്രായമുള്ള മകള്‍ ഉള്‍പ്പടെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെടുന്നതും. കലാപകാരികള്‍ വഡോദരയില്‍ ബില്‍കിസിനെ ആക്രമിക്കുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.