ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളുടെ ജീപര്യന്തം ശിക്ഷയില്‍ ഇളവ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ മറുപടി സത്യവാങ്‌മൂലത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. സത്യവാങ്‌മൂലം വളരെയധികം വിധികള്‍കൊണ്ട് കുത്തിനിറച്ചിരിക്കുകയാണെന്നും അതേസമയം അതില്‍ വസ്‌തുതപരമായ കാര്യങ്ങള്‍ ഇല്ലെന്നും ജസ്റ്റീസ് അജയ് റസ്‌തോഗിയും ജസ്റ്റീസ് സി ടി രവികുമാറും അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. സത്യാവാങ്‌മൂലത്തിന് മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് സമയം കോടതി സമയം അനുവദിച്ചു.
കേസില്‍ നവംബര്‍ 29ന് വീണ്ടും വാദം കേള്‍ക്കും. 2002ല്‍ നടന്ന പൈശാചിക സംഭവത്തില്‍ ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായതോടൊപ്പം അവരുടെ കുടുംബത്തിലെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. മുതിര്‍ന്ന സിപിഎം നേതാവ് സുഭാഷിണി അലി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളാണ് പ്രതികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് ഹാജരായത്.
താന്‍ ഇതുവരെ ഇത്തരത്തിലുള്ളൊരു മറുപടി സത്യവാങ്‌മൂലം കണ്ടിട്ടില്ലെന്നാണ് ജസ്റ്റീസ് അജയ് റസ്‌തോഗി പ്രതികരിച്ചത്. മനസ് സമര്‍പ്പിക്കാതെയാണ് സത്യവാങ്‌മൂലം തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ നിരീക്ഷണത്തോട് ജസ്റ്റീസ് സി ടി രവികുമാറും യോജിച്ചു. സത്യവാങ്‌മൂലം തന്‍റെ കൈയില്‍ എത്തുന്നതിന് മുമ്പായി അതിലെ കാര്യങ്ങള്‍ പത്രത്തില്‍ വന്നെന്ന വിമര്‍ശനവും ജസ്റ്റീസ് അജയ് റസ്‌തോഗി ഉയര്‍ത്തി.
നിരവധി വിധികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാറിന്‍റെ സത്യാവാങ്മൂലം ഒഴിവാക്കാമായിരുന്നു എന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സൊളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വ്യക്തമാക്കി. അതേസമയം പ്രതികളുടെ ശിക്ഷയില്‍ ഇളവ് വരുത്തി ജയില്‍ മോചിതാരാക്കുന്ന സര്‍ക്കാറിന്‍റെ തീരുമാനം ചോദ്യം ചെയ്യാന്‍ മൂന്നാമതൊരു കക്ഷിക്ക് ആവില്ലെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കി. 1992ലെ ശിക്ഷ ഇളവ് നയമനുസരിച്ചാണ് ബില്‍ക്കിസ് ബാനു പ്രതികളെ മോചിപ്പിച്ചതെന്നും 14 വര്‍ഷത്തെ തടവ് ഇവര്‍ പൂര്‍ത്തിയാക്കിയതാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.
ആസാദി കാ അമൃത് മഹോത്‌സവിന്‍റെ ഭാഗമായി തടവുകാര്‍ക്ക് ഇളവ് കൊടുക്കാനുള്ള സര്‍ക്കുലര്‍ അനുസരിച്ചല്ല പ്രതികളെ മോചിപ്പച്ചതെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഇവരെ മോചിപ്പിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ തേടിയെന്നും അതിന് ശേഷം ഇത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ജൂണ്‍ 28 2022 ന് അയച്ച കത്തിലൂടെ അറിയിച്ചെന്നും ഗുജറാത്ത് സര്‍ക്കാറിന്‍റെ സത്യവാങ് മൂലത്തില്‍ അറിയിച്ചു. ജൂലായി 11 2022ന് അയച്ച കത്തിലൂടെ പ്രതികളെ മോചിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെന്നും സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നു.