ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി. കേസില്‍ ജീവപര്യന്തം ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്‌താപിച്ചത് (Bilkis Bano Case Supreme Court Verdict).
ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ നിര്‍ണായക വിധി പ്രസ്‌താവിച്ചത്. കേസില്‍ പ്രതികളെ വിട്ടയക്കാനുള്ള അവകാശം മഹാരാഷ്‌ട്ര സര്‍ക്കാരിനാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിർദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി.
അതിജീവിതയുടെ അവകാശങ്ങൾ പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ബിൽക്കിസ് ബാനു നൽകിയ ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്‌ട്രയില്‍ നിന്നുമാണ് കേസ് ഗുജറാത്തിലേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ പ്രതികളായ എല്ലാവരെയും വിട്ടയക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് മഹാരാഷ്‌ട്രയാണ്. ഗുജറാത്ത് സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ അവകാശമില്ലെന്നും സുപ്രീം കോടതി അറിയിച്ചു (Bilkis Bano Case Supreme Court Against Gujarat Government).
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്‌ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ 2008ലാണ് പ്രതികളെ എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2017ല്‍ ബോംബെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷ ശരിവെച്ച എല്ലാ പ്രതികളെയും 2022ല്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു മോചിപ്പിച്ചത്.
തടവ് പുള്ളികള്‍ക്ക് ശിക്ഷ ഇളവ് അനുവദിക്കുന്ന 1992ലെ നയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ബില്‍ക്കിസ് ബാനു കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കിയത്. ഇത് ചോദ്യം ചെയ്‌ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ 11 ദിവസം വാദം കേട്ട കോടതി കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 12നായിരുന്നു കേസ് വിധി പറയാന്‍ മാറ്റിവച്ചത്.