ന്യൂഡല്‍ഹി: ബിൽകിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ വെറുതെവിട്ട നടപടിയില്‍ ന്യായീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍. നല്ല പെരുമാറ്റം കണക്കിലെടുത്താണ് പ്രതികളെ വെറുതെവിട്ടതെന്നാണ് ഭരണകൂടം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 17) സുപ്രീം കോടതിയിൽ സര്‍ക്കാര്‍ സത്യവാങ്മൂലം സമർപ്പിച്ചു.
പ്രതികളെ മോചിപ്പിച്ചത് 14 വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷമാണ്. ഇവരില്‍ തീര്‍ത്തും നല്ല പെരുമാറ്റമാണ് കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം പ്രതികൾക്ക് ഇളവ് അനുവദിച്ചതില്‍ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നേരത്തേ പ്രതികരണം തേടിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ന് അഫിഡവിറ്റ് സമര്‍പ്പിച്ചത്. സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലാൽ, ആക്‌ടിവിസ്റ്റ് രൂപ് രേഖ റാണി എന്നിവരാണ് ബില്‍കിസിന്‍റെ മോചനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍കിസ് ബാനു ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായത്. 21 വയസും അഞ്ച് മാസം ഗർഭിണിയുമായിരിക്കെയാണ് കലാപകാരികള്‍ ആക്രമിച്ചത്. ഇവരുടെ കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. സ്‌ത്രീയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടമാണ് പ്രതികളെ ഇരുമ്പഴിക്കുള്ളില്‍ എത്തിച്ചിരുന്നത്.