സമസ്തിപൂർ : മദ്യം വാങ്ങാനായി ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പുറത്തിറങ്ങി പോയതോടെ ട്രെയിനിലെ യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നത് ഒരു മണിക്കൂര്‍. ബിഹാറില സമസ്തിപൂർ ജില്ലയിലെ ഹസൻപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. രാവിലെ 4.05ന് സമസ്തിപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സഹസ്രയിലേക്കാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്.
5.45 ഓടെ ഹസൻപൂരിലെത്തി. രണ്ട് മിനുട്ടാണ് ട്രെയിനിന് സ്റ്റേഷനില്‍ നിര്‍ത്താന്‍ അനുമതി ഉണ്ടായിരുന്നത്. സിഗ്നല്‍ നല്‍കിയിട്ടും ട്രെയിന്‍ നീങ്ങിയില്ല. ഇതോടെ അധികൃതര്‍ സംഭവം അന്വേഷിച്ച് പുറത്തിറങ്ങി. സ്റ്റേഷന്‍ മാനേജരുടെ നിര്‍ദേശ പ്രകാരം റെയില്‍വേ പൊലീസ് ലോക്കോ പൈലറ്റിന്‍റെ ക്യാബിന്‍ തുറന്നെങ്കിലും ഇയാള്‍ അവിടെ ഉണ്ടായിരുന്നില്ല. ഇതോടെ ആശങ്കയിലായ അധികൃതര്‍ ലോക്കോ പൈലറ്റിനെ തപ്പി പുറത്തിറങ്ങി.
ഇതിനിടെ അടുത്തുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ വച്ച് പൊലീസ് ഇയാളെ കണ്ടെത്തി. ചോദ്യം ചെയ്തപ്പോഴാണ് കാര്യം മനസിലായത്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ജില്ലയാണ് സമസ്തിപൂർ. അതിനാല്‍ തന്നെ ഇവിടെ മദ്യം കിട്ടിയിരുന്നില്ല. ഇതോടെ ഇയാള്‍ മദ്യത്തിനായി അലഞ്ഞതാണ് സമയം വൈകാന്‍ കാരണം. ഇയാളില്‍ നിന്നും ഒരു കുപ്പി മദ്യവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
വൈദ്യ പരിശോധനക്ക് അയച്ച ലോക്കോ പൈലറ്റിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് റെയില്‍വേ. ഇതിനിടെ മറ്റൊരു ലോക്കോ പൈലറ്റിന്റെ സഹായത്തോടെ ട്രെയിൻ യാത്ര പുനരാരംഭിച്ചു. സമസ്തിപൂർ റെയിൽവേ ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) അലോക് അഗർവാൾ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.