ഗയ (ബിഹാർ): ബിഹാറിൽ റെയിൽവേ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ചുള്ള ഉദ്യോഗാർഥികളുടെ പ്രതിഷേധം അക്രമാസക്തമായി. ട്രെയിൻ സമരക്കാർ കത്തിച്ചു. ഗയ ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ഭാബുവ-പറ്റ്ന ഇന്‍റർസിറ്റി എക്‌സ്‌പ്രസിന്‍റെ ഒരു കോച്ചിനാണ് സമരക്കാർ തീ കൊളുത്തിയത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.
തീ കൊളുത്തിയ സംഘത്തിൽ ഉൾപ്പെട്ട ചിലരെ കസ്റ്റഡിയിലെടുത്തതായി ഗയ എസ്എസ്‌പി ആദിത്യ കുമാർ പറഞ്ഞു. ഗയ ജങ്ഷനിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. പ്ടനയുടെ പ്രാന്തപ്രദേശത്തുള്ള തരേഗാനയിലും ജെഹാനാബാദിലും പ്രകടനങ്ങൾ നടന്നതായി റെയിൽവേ അറിയിച്ചു.
റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് നടത്തുന്ന എൻടിപിസി പരീക്ഷ രണ്ട് ഘട്ടമായി നടത്താൻ റെയിൽവേ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തത്. പരീക്ഷ രീതി മാറ്റിയെന്നാരോപിച്ച് മൂന്ന് ദിവസമായി ബിഹാറിൽ പ്രതിഷേധം നടക്കുകയാണ്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയ സർക്കാർ ഉദ്യോഗാർഥികളുടെ പരാതി പരിഹരിക്കുന്നതിനായി ഒരു സമിതിയേയും രൂപീകരിച്ചിരുന്നു.
Also read: കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; തിരുവല്ലയിൽ പമ്പ് ജീവനക്കാരന് കുത്തേറ്റു