പട്‌ന: പിന്നാക്ക ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ച മകളെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നല്‍കിയതിന് ബിഹാര്‍ മുൻ എം.എൽ.എ സുരേന്ദ്ര ശർമ പിടിയില്‍. ഞായറാഴ്‌ചയാണ് ഇയാള്‍ കസറ്റഡിയിലായതെന്ന് പട്‌ന ഈസ്‌റ്റ് സിറ്റി എസ്.പി പ്രമോദ് കുമാർ പറഞ്ഞു. സംഭവത്തില്‍, മുന്‍ എം.എല്‍.എ ഉള്‍പ്പെടെ ആകെ നാലുപേരാണ് പിടിയിലായത്.
പ്രതികള്‍ യുവതിയെ വെടിവച്ചെങ്കിലും ലക്ഷ്യം തെറ്റി മറ്റൊരിടത്ത് പതിക്കുകയയായിരുന്നു. 20 ലക്ഷമാണ് ക്വട്ടേഷന്‍ തുകയായി സുരേന്ദ്ര ശർമ നൽകിയതെന്ന് തെളിഞ്ഞതായും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. നാടൻ പിസ്റ്റൾ, വെടിയുണ്ടകള്‍, നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് എന്നിവ പിടിച്ചെടുത്തു. ജൂലൈ ഒന്നിന് അര്‍ധരാത്രിയാണ് കേസിനാസ്‌പദമായ സംഭവം.
പട്‌നയ്‌ക്കടുത്ത ശ്രീ കൃഷ്‌ണപുരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവതിയുടെ താമസം. പ്രദേശത്തുവച്ചാണ് സംഭവമുണ്ടായത്. ഇവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഛോട്ടേ സർക്കാർ എന്ന അഭിഷേകും ഇയാളുടെ രണ്ട് കൂട്ടാളികളും ശനിയാഴ്‌ചയാണ് പിടിയിലായത്.
പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പിതാവായ മുന്‍ എം.എല്‍.എയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന കാര്യം പുറത്തായത്. 1990 ല്‍ സരൺ ജില്ലയിലെ നിയമസഭ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായാണ് സുരേന്ദ്ര ശർമ ജയിച്ചത്. ഒരു ടേം മാത്രമാണ് ഇയാള്‍ നിയമസഭാംഗമായത്.