ഔറംഗബാദ്: ബിഹാറിലെ ലദുയ പഹാദിലും മറ്റ് സ്ഥലങ്ങളിലെയും മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 162 ഇംപ്രവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍ (ഐഇഡി) കണ്ടെത്തി. ബിഹാര്‍ പൊലിസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത്. മേഖലയില്‍ പരിശോധന തുടരുകയാണ്.
ലാദുയ പഹാദിലെ മാവോയിസ്റ്റ് ഒളിത്താവളങ്ങളില്‍ നിന്നാണ് 13 സ്‌ഫോടക വസ്‌തുക്കള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതിനടുത്തുള്ള ഗുഹയില്‍ നിന്നാണ് ഓരോ കിലോ ഭാരമുള്ള 149 ഐഇഡി സംയുക്ത സേന കണ്ടെത്തിയത്. ഇവയെ എല്ലാം സുരക്ഷിതമായി തന്നെ നിര്‍വീര്യമാക്കിയിട്ടുണ്ട്.
സ്‌ഫോടക വസ്‌തുക്കളുടെ വന്‍ ശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരുടെ ഒളിത്താവളങ്ങളെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.